വഹാബിന്റെ പ്രസംഗ വിവാദം: അടഞ്ഞ അധ്യായമെന്ന് കുഞ്ഞാലിക്കുട്ടി

മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാരുടെ പ്രശ്‌നം പൊതുപ്രശ്‌നമായി കണ്ട് പരിഹാരം കാണണം. നിയമസഭ ഇക്കാര്യം ചര്‍ച്ച ചെയ്തു പരിഹാര നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Update: 2019-09-14 12:52 GMT

മലപ്പുറം: പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഇടതുസര്‍ക്കാരിനെ പുകഴ്ത്തിയെന്ന പി വി അബ്ദുല്‍ വഹാബിന്റെ പ്രസംഗവിവാദം അടഞ്ഞ അധ്യായമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. വഹാബിന്റെ വിശദീകരണം വന്നതോടെ ആ വിഷയം അവസാനിച്ചു. പ്രസംഗത്തില്‍നിന്ന് ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് പ്രചരിപ്പിച്ചത്. പാലായില്‍ യുഡിഎഫ് മികച്ച വിജയം നേടും. ഓണാഘോഷം കഴിഞ്ഞാല്‍ എല്ലാ യുഡിഎഫ് നേതാക്കളും പ്രചാരണ പരിപാടികളില്‍ സജീവമാവും. മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാരുടെ പ്രശ്‌നം പൊതുപ്രശ്‌നമായി കണ്ട് പരിഹാരം കാണണം. നിയമസഭ ഇക്കാര്യം ചര്‍ച്ച ചെയ്തു പരിഹാര നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    അതിനിടെ, പി വി അബ്ദുല്‍ വഹാബ് എംപി വീണ്ടും ഖേദപ്രകടനം നടത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലെ കുറിപ്പിലും ഖേദപ്രകടനം നടത്തിയിരുന്നു. ലീഗ് ജില്ലാ കമ്മിറ്റി സര്‍ക്കാരിനെതിരേ പ്രക്ഷോഭവുമായി രംഗത്തെത്തുന്നതിനിടെയാണ്, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പുകഴ്ത്തി ലീഗ് നേതാവായ പി വി അബ്ദുല്‍ വഹാബ് എംപി പ്രസംഗിച്ചത്. വിവാദമായതോടെ വിശദീകരണം തേടിയിരുന്നു.







Tags:    

Similar News