ഉസ്താദുമാരുടെ വേതനം: മഹല്ലുകമ്മിറ്റികള്‍ക്ക് കരുതല്‍ വേണം; സര്‍ക്കാര്‍ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിക്കണം- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ചില മഹല്ലുകളെങ്കിലും ഉസ്താദുമാരുടെ വേതനം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ ജോലിയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയോ ചെയ്തിട്ടുണ്ട്. ഈ നടപടി തികച്ചും നിരുത്തരവാദപരമാണ്.

Update: 2020-05-20 09:47 GMT

മലപ്പുറം: ലോക്ക് ഡൗണ്‍ നിയന്ത്രണത്തെത്തുടര്‍ന്ന് ജീവിതപ്രതിസന്ധി നേരിടുന്ന പള്ളി- മദ്‌റസാ ഉസ്താദുമാരുടെ കാര്യത്തില്‍ മഹല്ലുകള്‍ അവരെ പരിരക്ഷിക്കുന്ന തരത്തില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും സര്‍ക്കാര്‍ അവര്‍ക്കായി ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. ചില മഹല്ലുകളെങ്കിലും ഉസ്താദുമാരുടെ വേതനം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ ജോലിയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയോ ചെയ്തിട്ടുണ്ട്. ഈ നടപടി തികച്ചും നിരുത്തരവാദപരമാണ്.

തുച്ഛവേതനം പറ്റുന്ന അധ്യാപകര്‍ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട മറ്റു അത്യാവശ്യങ്ങള്‍ നിറവേറ്റുന്നത് റമദാന്‍ മാസത്തില്‍ ലഭിക്കുന്ന അധികവരുമാനം കൊണ്ടാണ്. അവര്‍ക്ക് വേതനം നിഷേധിക്കുമ്പോള്‍ റമദാന്‍, പെരുന്നാള്‍ ദിനങ്ങളില്‍ പലരുടെയും നില പരുങ്ങലിലാവും. കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്നവരെന്ന നിലയില്‍ പ്രവാചകമൊഴിയനുസരിച്ച് ഉത്തമരായി പരിഗണിക്കപ്പെടേണ്ടവരാണ് മദ്‌റസാ അധ്യാപകര്‍. പക്ഷേ, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വേതനം പറ്റുന്നവരും തൊഴില്‍പരമായ യാതൊരു അവകാശങ്ങളും വകവച്ചുകിട്ടാത്തവരുമായാണ് ഇക്കൂട്ടര്‍ കഴിയുന്നത്.

മഹല്ലുകമ്മിറ്റികള്‍ സന്താനങ്ങള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഉസ്താദുമാരെ സംരക്ഷിച്ചുനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ കാണണം. ലോക്ക് ഡൗണ്‍ കാലത്ത് മദ്‌റസാ വിദ്യാഭ്യാസം സാധ്യമായ രൂപത്തില്‍ ഓണ്‍ലൈന്‍ മാര്‍ഗേണ പുനക്രമീകരിച്ച്് ഉസ്താദുമാരുടെ സേവനം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. പള്ളികള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ മഹല്ലുകള്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ട്.

ഈ അവസരത്തില്‍ മദ്‌റസാധ്യാപകര്‍ക്ക് പരിരക്ഷ നല്‍കുന്ന സുരക്ഷാ പാക്കേജ് വഖ്ഫ് ബോഡിന്റെ സഹായത്തോടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത മഹല്ലുകള്‍ക്കും സഹായ പദ്ധതി ബാധകമാക്കണമെന്നും പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തി. ഓണ്‍ലൈന്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി, ഭാരവാഹികളായ കെ കെ മജീദ് ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ്‌വി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, എംഇഎം അഷ്‌റഫ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News