തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി വി പി ജോയി ചുമതലയേറ്റു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത വിരമിച്ചതോടെയാണ് സംസ്ഥാനത്തെ 47ാമത്തെ ചീഫ് സെക്രട്ടറിയായി ജോയി ചുമതലയേറ്റത്. 2023 ജൂണ്‍ 30 വരെയായിരിക്കും വി പി ജോയിയുടെ കാലാവധി. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വി പി ജോയ്, കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് ജനുവരിയിലാണ് അദ്ദേഹം സംസ്ഥാന സര്‍വീസില്‍ തിരിച്ചെത്തിയത്. ഇതിനുശേഷം ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു. പിഎഫ് കമ്മീഷണറായും പ്രവര്‍ത്തിച്ചു. നാഷനല്‍ അതോറിറ്റി ഓണ്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വന്‍ഷന്റെ ചെയര്‍മാനായിരുന്നു. വി പി ജോയിയുടെ സേവനം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. എറണാകുളം സ്വദേശിയാണ്. കവിയും എഴുത്തുകാരനും കൂടിയായ ജോയിയുടെ 'നിമിഷ ജാലകം' എന്ന കവിതാസമാഹാരത്തിന് എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.