ഏഴ് ജില്ലകളില്‍ ജനവിധി അന്തിമഘട്ടത്തിലേക്ക്; 89 ലക്ഷം വോട്ടുകള്‍; പോളിങ് 67% കടന്നു
തിരുവനന്തപുരം: ഏഴ് ജില്ലകളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോള്‍ പുറത്തുവരുന്ന പുതിയ കണക്കുകള്‍ പ്രകാരം ശരാശരി പോളിങ് 67.14 ശതമാനമായി ഉയര്‍ന്നു. ആകെയുള്ള 1,32,83,789 വോട്ടര്‍മാരില്‍ 89,18,221 പേര്‍ ഇതിനകം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. എറണാകുളം ജില്ലയില്‍ പോളിങ് 70 ശതമാനം കടന്നു എന്നതാണ് നിലവിലെ പ്രധാന സവിശേഷത.
പോളിങ് ശതമാനത്തിന്റെ കാര്യത്തില്‍ എറണാകുളം ജില്ലയാണ് മുന്നിട്ടുനില്‍ക്കുന്നത്. 70.14 ശതമാനമാണ് ജില്ലയിലെ പോളിങ് നിരക്ക്. 70 ശതമാനം കടന്ന ഏക ജില്ലയും എറണാകുളം തന്നെയാണ്. അതേസമയം ശതമാനക്കണക്കില്‍ ഏറ്റവും പിന്നിലുള്ളത് തിരുവനന്തപുരം ജില്ലയാണ്. 62.52 ശതമാനം മാത്രമാണ് തലസ്ഥാന ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയത്.
വിവിധ ജില്ലകളിലെ പോളിങ് നില പരിശോധിക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ 26,67,746 വോട്ടര്‍മാരുള്ളതില്‍ 18,71,105 പേര്‍ വോട്ട് രേഖപ്പെടുത്തി 70.14 ശതമാനം കൈവരിച്ചു. ആലപ്പുഴയില്‍ 18,02,555 വോട്ടര്‍മാരില്‍ 12,50,101 പേര്‍ വോട്ട് ചെയ്തതോടെ 69.35 ശതമാനം പോളിങ് രേഖപ്പെടുത്തി. കോട്ടയം ജില്ലയില്‍ 16,41,176 വോട്ടര്‍മാരില്‍ 10,92,712 പേര്‍ വോട്ട് രേഖപ്പെടുത്തിയതോടെ പോളിങ് 66.58 ശതമാനത്തിലെത്തി.
ഇടുക്കി ജില്ലയിലെ 9,12,133 വോട്ടര്‍മാരില്‍ 6,04,053 പേര്‍ വോട്ട് ചെയ്തു. 66.22 ശതമാനമാണ് ഇവിടുത്തെ നിരക്ക്. കൊല്ലം ജില്ലയില്‍ 22,71,343 വോട്ടര്‍മാരുള്ളതില്‍ 14,99,018 പേര്‍ വോട്ട് രേഖപ്പെടുത്തി 66.00 ശതമാനത്തിലെത്തി. പത്തനംതിട്ടയില്‍ 10,62,756 വോട്ടര്‍മാരില്‍ 6,71,902 പേര്‍ വോട്ട് രേഖപ്പെടുത്തിയതോടെ 63.22 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ 29,26,080 വോട്ടര്‍മാരില്‍ 18,29,330 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 62.52 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയ പോളിങ്.
പത്തനംതിട്ട ജില്ലയില്‍ മികച്ച പോളിങ്. വൈകിട്ട് നാല് വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 61.11 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 10,62,756 വോട്ടര്‍മാരുള്ള ജില്ലയില്‍ 6,49,981 പേര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.
