വോട്ടര്‍ പട്ടിക; 2015ലേത് അടിസ്ഥാനമാക്കിയെന്ന നിലപാടിന് സര്‍ക്കാര്‍ പിന്തുണ

ഫെബ്രുവരി 28ന് പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക തയ്യാറാക്കും മുമ്പ് വീണ്ടും രണ്ട് തവണ കൂടി പേര് ചേര്‍ക്കാന്‍ അവസരം നല്‍കും.

Update: 2020-01-14 12:20 GMT

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിനുളള വോട്ടര്‍പട്ടിക 2015ലേത് അടിസ്ഥാനമാക്കിയെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടിന് സര്‍ക്കാര്‍ പിന്തുണ. കമ്മീഷന്‍ നിലപാട് അന്തിമമെന്ന് തദ്ദേശമന്ത്രി എ സി മൊയ്തീനും വ്യവസായ മന്ത്രി ഇപി ജയരാജനും പറഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയാകണം അടിസ്ഥാനമെന്നും ഇല്ലെങ്കില്‍ നിയമ നടപടി പരിഗണനയിലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

നിയമസഭ, ലോക്സഭ വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലല്ലെന്നാണ് ന്യായീകരണം. വാര്‍ഡ് പുനര്‍ വിഭജനം അടക്കം കടുകട്ടി ജോലികള്‍ കുറഞ്ഞ സമയത്തിനകം തീര്‍ക്കണമെന്നും ഇതിനിടെ വീടുവീടാന്തരം കയറിയിറങ്ങി വോട്ടര്‍ പട്ടിക പുതുക്കുക പ്രായോഗികമല്ലെന്നും കമ്മീഷന്‍ പറഞ്ഞു . ഇതൊക്കെ മറികടന്ന് പട്ടിക പുതുക്കാന്‍ പോയാല്‍ ചെലവ് പത്തുകോടി വേണ്ടിവരുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറയുന്നു.

ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പട്ടിക ആധാരമാക്കണമെന്ന നിലപാടില്‍ സിപിഎമ്മും സര്‍ക്കാരും മലക്കം മറിഞ്ഞു. അതേസമയം, പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടിനോട് യോജിക്കുന്നില്ല. കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. 2015 ന് ശേഷം 18 വയസ് തികഞ്ഞവര്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടി വരും. ഫെബ്രുവരി 28ന് പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക തയ്യാറാക്കും മുമ്പ് വീണ്ടും രണ്ട് തവണ കൂടി പേര് ചേര്‍ക്കാന്‍ അവസരം നല്‍കും.

Tags:    

Similar News