കൊവിഡ് രോഗികള്‍ക്ക് വോട്ട് അവസാന മണിക്കൂറില്‍; കാഴ്ച പരിമിതര്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേക ക്രമീകരണം

Update: 2021-04-04 17:15 GMT

കോട്ടയം: കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ പോളിങ് ബൂത്തിലെത്തി വോട്ടുരേഖപ്പെടുത്താം. ഈ വിഭാഗത്തില്‍പെടുന്നവര്‍ പിപിഇ കിറ്റ്, ഹാന്‍ഡ് ഗ്ലൗസ്, എന്‍ 95 മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം. ഇവരുടെ വോട്ടിങ് വേളയില്‍ പോളിങ് ബൂത്തില്‍ ജോലിയിലുള്ളവരും പോളിങ് ഏജന്റുമാരും പിപിഇ കിറ്റ് ധരിക്കണം.

വൈകീട്ട് ആറിനും ഏഴിനും ഇടയില്‍ ഈ വിഭാഗത്തില്‍പെടുന്നവര്‍ എത്തുമ്പോള്‍ മറ്റു വോട്ടര്‍മാര്‍ ക്യൂവിലുണ്ടെങ്കില്‍ അവര്‍ വോട്ടുചെയ്തു കഴിഞ്ഞുമാത്രമാണ് അവസരം ലഭിക്കുക. കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിന് ബൂത്തില്‍ ബ്രെയ്ല്‍ ലിപിയിലുള്ള ബാലറ്റ് പേപ്പര്‍ നല്‍കും. സ്ഥാനാര്‍ഥികളുടെ പേരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേരും ക്രമനമ്പരും ഇംഗ്ലീഷിലും മലയാളത്തിലും ഇ.വി.എം ബാലറ്റ് യൂണിറ്റിലെ അതേ ക്രമത്തില്‍ ബ്രെയ്ല്‍ ബാലറ്റിലും രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഇവ മനസിലാക്കിയശേഷം വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍ എത്തി വോട്ടുചെയ്യാം. വോട്ടിംഗ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റിലും ബ്രെയ്ല്‍ ലിപിയില്‍ സ്ഥാനാര്‍ഥികളുടെ ക്രമനമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം വോട്ടുരേഖപ്പെടുത്തിയവരുടെ വിവരവും കവറിലാക്കി സീല്‍ ചെയ്ത ബ്രെയ്ല്‍ ലിപി ഡമ്മി ബാലറ്റ് ഷീറ്റും വോട്ടെടുപ്പിന് ശേഷം പ്രിസൈഡിങ് ഓഫിസര്‍മാര്‍ മറ്റു ഫോമുകള്‍ക്കൊപ്പം റിട്ടേണിങ് ഓഫിസര്‍ക്ക് കൈമാറും.

Tags: