സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചു

പാസുമായി പഞ്ചായത്തില്‍ പോയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് വളരെ മോശമായും ഭീഷണിസ്വരത്തിലും പെരുമാറിയെന്നാണ് ആക്ഷേപം.

Update: 2020-04-10 14:41 GMT

കരുമാലൂര്‍: മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കൊറോണയുടെ പ്രതിരോധ പ്രവര്‍ത്തനത്തിന് വേണ്ടി രൂപീകരിച്ച സന്നദ്ധ സേനയില്‍ അംഗങ്ങളായവര്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. പാസ് ലഭിച്ച അടുവത്തുരുത്ത് വാലത്ത് വീട്ടില്‍ അജ്മല്‍, വെളിയത്തുനാട് കൊളുപള്ളം വീട്ടില്‍ നൗഷാദ്, കിടാങ്ങപ്പള്ളി പറമ്പ് വീട്ടില്‍ റിയാസ് എന്നിവര്‍ക്കാണ് കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി ഡി ഷിജു പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. ഇവര്‍ക്കു എറണാകുളം ജില്ലാ കലക്ടര്‍ ഇഷ്യു ചെയ്തു പാസ് ലഭിച്ചിരുന്നു. കമ്മ്യൂണിറ്റി കിച്ചണിലേക്കാണ് ഇവര്‍ക്ക് ജോലി നിശ്ചയിച്ചു ലഭിച്ചിരുന്നത്. പക്ഷേ, ഇവര്‍ പാസുമായി പഞ്ചായത്തില്‍ പോയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് വളരെ മോശമായും ഭീഷണിസ്വരത്തിലും പെരുമാറിയെന്നാണ് ആക്ഷേപം. നിങ്ങളുടെ സേവനം ഇവിടെ ആവശ്യമില്ലെന്നും ഇനി മേലാല്‍ ഇങ്ങോട്ട് വരേണ്ടെന്നും കലക്ടറല്ല ആരുടെ പാസുണ്ടെങ്കിലും ഞാന്‍ തീരുമാനിക്കുന്നത് മാത്രമാണ് ഇവിടെ നടപ്പാക്കുകയെന്നും പ്രസിഡന്റ് ജി ഡി ഷിജു പറഞ്ഞു. ഇതിനെതിരേ മുഖ്യമന്ത്രി, പഞ്ചായത്ത് സെക്രട്ടറി, ആലങ്ങാട് പോലിസ് സ്‌റ്റേഷന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.




Tags: