വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ കരിങ്കല്‍ ക്വാറി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം

കൊല്ലം ജില്ലയിലെ ചിതറ ഗ്രാമപ്പഞ്ചായത്തില്‍ വട്ടമുറ്റം വാര്‍ഡില്‍ അപ്പൂപ്പന്‍ പാറയുടെ മറുവശത്ത് കരിങ്കല്‍ ഖനനം നടത്താനാണ് ബിനാമി സംഘം പാരിസ്ഥിതികാനുമതി സമ്പാദിച്ചിരിക്കുന്നത്.

Update: 2019-12-11 08:58 GMT

കൊല്ലം: വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ കരിങ്കല്‍ ക്വാറി മാഫിയാ സംഘങ്ങള്‍ സംസ്ഥാനത്ത് ഉടനീളം പിടിമുറുക്കുന്നതായി ആരോപണം. ചെറുകിട ക്വാറികളെ പാരിസ്ഥിതിക അനുമതിയുടെയും മറ്റു രാഷ്ട്രീയ സമരങ്ങളുടെയും സഹായത്തോടുകൂടി പൂട്ടിച്ചതിനുശേഷംമാണ് മന്ത്രി പുത്രന്മാരും രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കന്‍മാരുടെ പുത്രന്‍മാരും സംസ്ഥാന വ്യാപകമായി ബിനാമികള്‍ ആയാണ് ഇപ്പോള്‍ കരിങ്കല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ചെറുക്കിട ക്വാറികളെ മുഴുവന്‍ പൂട്ടാന്‍ വേണ്ടി അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് ഇപ്പോള്‍ വന്‍കിട പ്രോജക്ടുകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ബിനാമികളായി നിന്ന് ഉന്നതന്മാര്‍ കരിങ്കല്‍ ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി സമ്പാദിച്ചതിനുശേഷം കോടികണക്കിന് രൂപയ്ക്ക് മറിച്ച് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ഉന്നത മന്ത്രിപുത്രന്‍മാര്‍ ബിനാമികളായി സംസ്ഥാന വ്യാപകമായി നൂറുകണക്കിനു കരിങ്കല്‍ ഖനനമാണ് നടത്തുന്നത്.

കൊല്ലം ജില്ലയിലെ ചിതറ ഗ്രാമപ്പഞ്ചായത്തില്‍ വട്ടമുറ്റം വാര്‍ഡില്‍ അപ്പൂപ്പന്‍ പാറയുടെ മറുവശമാണ് ബിനാമി സംഘം പാരിസ്ഥിതികാനുമതി സമ്പാദിച്ചിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് ക്വാറി ഏറ്റെടുത്തിരിക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. റിട്ട. എസ്പിയുടെ ഒത്താശയോടെയാണ് ഇവിടെ കരിങ്കല്‍ ഖനനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രതിഷേധവുമായി എത്തുന്നവരെ റിട്ടയര്‍ എസ്പിയുടെ സ്വാധീനമുപയോഗിച്ച് കടയ്ക്കല്‍ പോലിസിനെക്കൊണ്ട് കള്ളക്കേസുകള്‍ എടുപ്പിച്ചു ഒതുക്കുവാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇവിടെ റോഡ് നിര്‍മാണം നടക്കുന്നുണ്ട്. വന്‍കരിങ്കല്ലുകള്‍ കെമിക്കല്‍ ഉപയോഗിച്ചുകൊണ്ടാണ് മുറിച്ചു മാറ്റുന്നത്. മഴ വെള്ളത്തിലൂടെ ഒലിച്ച് ചുറ്റുപാടുമുള്ള ജലസ്രോതസ്സുകളിലേക്ക് ഈ കെമിക്കലുകള്‍ ഒഴുകിയെത്തി പ്രദേശവാസികള്‍ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. അധികൃതരുടെ മൗനാനുവാദത്തോടെയാണ് മാഫിയാ സംഘത്തിന് കരിങ്കല്‍ ഖനനത്തിനായി ഈ മല നല്‍കിയിരിക്കുന്നത്. മല കൂടി പൊട്ടിക്കാന്‍ ആരംഭിക്കുന്നതോടെ ഇവിടത്തെ ജനജീവിതം ദുസ്സഹമായി മാറുമെന്ന് പ്രാദേശവാസികള്‍ പറയുന്നു.

Tags:    

Similar News