കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബൈയില്‍
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയില്‍. 2025 ഡിസംബര്‍ അവസാനമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര്‍ തുരന്ന് വിനീഷ് രക്ഷപ്പെട്ടത്. മുംബൈയില്‍വച്ചാണ് വിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ അടുത്ത ദിവസം നാട്ടിലെത്തിക്കും.
മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട വിനീഷ് മുംബൈയിലെത്തുകയും തുടര്‍ന്ന് അവിടെ പലയിടങ്ങളിലായി ജോലി ചെയ്ത് ജീവിക്കുകയുമായിരുന്നു. ഇതിനിടെ നാട്ടിലെ ഒരു ബന്ധുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതോടെ പോലിസിന് ടവര്‍ ലൊക്കേഷന്‍ വിവരം ലഭിച്ചു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.
2021ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യ(21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടില്‍ അതിക്രമിച്ചുകയറി പ്രതി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയത്. ദൃശ്യയെ കൊലപ്പെടുത്തിയതിനു പിറകെ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
റിമാന്‍ഡിലായ വിനീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. ഇതിനിടെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 2022-ല്‍ വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 2022-ലും പ്രതി കുതിരവട്ടത്തുനിന്ന് ചാടിപ്പോയെങ്കിലും പിന്നീട് പോലിസിന്റെ പിടിയിലായി. ഇതിനിടെ, കൊതുകുതിരി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവമുണ്ടായി.
