കണ്ണൂരില്‍ പലയിടത്തും അക്രമം; വീടുകള്‍ക്ക് കല്ലേറ്, ഗാന്ധി പ്രതിമ തകര്‍ക്കാന്‍ ശ്രമം

Update: 2025-12-14 08:38 GMT

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ജില്ലയില്‍ കഴിഞ്ഞ രാത്രിയില്‍ പലയിടത്തും അക്രമം. പയ്യന്നൂരില്‍ ഗാന്ധിപ്രതിമയുടെ മൂക്ക് അടിച്ചു തകര്‍ത്തു. രാമന്തളിയിലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ചത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മഹാത്മ മന്ദിരത്തിന്റെ മുന്നില്‍ സ്ഥാപിച്ച പ്രതിമയ്ക്ക് നേരെയാണ് ആക്രമണം.

കൂവോട് തുരുത്തിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണച്ചയാളുടെ വീടിന് നേരെ കല്ലേറുണ്ടായി. തളിപ്പറമ്പ് നഗരസഭ 26 ാം വാര്‍ഡ് തുരുത്തിയില്‍ മല്‍സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി മറിയംബി ജാഫറിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട അഴീക്കോടന്റകത്ത് റഫീക്കിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയില്‍ ഇരുപതോളം വരുന്ന സംഘമാണ് ആക്രമിച്ചത്. വീടിന്റെ മേല്‍ക്കൂര മേഞ്ഞ മെറ്റല്‍ ഷീറ്റും അടുക്കള ഭാഗത്തെ ജനല്‍ പാളികളും തകര്‍ന്നു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ തിണ്ണയില്‍ ഇന്നലെ രാത്രി റീത്ത് വച്ചു. ബിജെപി പുഞ്ചക്കാട് ഏരിയ ജനറല്‍ സെക്രട്ടറി വികേഷിന്റെ വീട്ടിലാണ് റീത്ത് വച്ചത്. പാനൂര്‍ മൊകേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി റുക്‌സാന പുഴുതുന്നിയിലിന്റെ വീടിന് നേരെയും അര്‍ധരാത്രിയോടെ ആക്രമണമുണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനു കേടുപാടുണ്ടായി. റുക്‌സാന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നതിനെ മുസ്ലിം ലീഗ് എതിര്‍ത്തിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

ഇന്നലെ വൈകിട്ട് പാനൂര്‍ പാറാട് സിപിഎം പ്രവര്‍ത്തകര്‍ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.