പാലാരിവട്ടം പാലം അഴിമതി: മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കരാര്‍ നല്‍കുമ്പോള്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന്റെ എംഡി ആയിരുന്നു മുഹമ്മദ് ഹനീഷ്.

Update: 2020-05-19 08:45 GMT

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എംഡി മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തു വച്ചാണ് മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. സ്വകാര്യവ്യക്തികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് റോഡിന്റെ അലൈൻമെന്റില്‍ വരെ മാറ്റം വരുത്തിയതായി തെളിഞ്ഞിട്ടുണ്ട്.

കരാര്‍ നല്‍കുമ്പോള്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന്റെ എംഡി ആയിരുന്നു മുഹമ്മദ് ഹനീഷ്. അദ്ദേഹത്തിന് മേല്‍നോട്ടത്തില്‍ പിഴവുണ്ടായി എന്ന് മാത്രമായിരുന്നു വിജിലന്‍സ് ആദ്യം ധരിച്ചിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ മുഹമ്മദ് ഹനീഷിനെതിരെ ചില മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഗൂഢാലോചനാ കേസില്‍ ആരോപണ വിധേയനാണ് മുന്‍ എം ഡി മുഹമ്മദ് ഹനീഷ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍. വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചിരുന്നു. മുന്‍ അന്വേഷണ സംഘത്തലവന്‍ അശോക് കുമാറിനെ മാറ്റി പുതിയ സംഘം വന്നതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്.

കരാറുകാരനുള്ള വായ്പ, ടെണ്ടര്‍ എന്നിവയിലാണ് പ്രധാനമായും ക്രമക്കേട് നടന്നതെന്നാണ് വിജിലന്‍സ് ആദ്യം കരുതിയത്. എന്നാല്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലില്‍ ഉള്‍പ്പെടെ സകല മേഖലകളിലും അഴിമതി നടന്നുവെന്ന് വിജിലന്‍സിന് ഇപ്പോള്‍ തെളിവ് ലഭിച്ചിട്ടുണ്ട്.

Tags: