വി എസ് ശിവകുമാറിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി വിജിലൻസ്

ശിവകുമാറിന്റെ ഭാര്യ സിന്ധുവിന്റെ പേരിലുള്ള വെള്ളയമ്പലം ആൽത്തറ എസ്ബിഐ ബ്രാഞ്ചിലെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാൻ വിജിലൻസ് സംഘം തീരുമാനിച്ചു.

Update: 2020-02-25 09:30 GMT

തിരുവനന്തപുരം: മുൻമന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം ഊർജ്ജിതമാക്കി വിജിലൻസ്. ശിവകുമാറിന്റെ ഭാര്യ സിന്ധുവിന്റെ പേരിലുള്ള വെള്ളയമ്പലം ആൽത്തറ എസ്ബിഐ ബ്രാഞ്ചിലെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാൻ വിജിലൻസ് സംഘം തീരുമാനിച്ചു. ഇതിനായി ബാങ്കിന് വിജിലൻസ് നോട്ടീസ് നൽകി.

ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കാൻ പത്തംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തിൽ ഓഡിറ്ററെയടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവകുമാർ ഉൾപ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങൾ പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനം.

ശിവകുമാർ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടേയും ഡ്രൈവറുടെയും പേരിൽ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇതിനാണ് ഓഡിറ്ററെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. വിജിലൻസ് എസ്പി വി എസ് അജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു ഡിവൈഎസ്പിയും രണ്ട് സിഐമാരും പോലിസുകാരമാണുള്ളത്. അതേസമയം പ്രതികളുടെ വീടുകളിൽ വിജിലൻസ് പരിശോധനയിൽ അനധികൃത സ്വത്തു സമ്പാദനം തെളിയിക്കാനുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

അതിനാൽ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് വിജിലൻസ്. ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറിന്റെ താക്കോൽ പരിശോധന ദിവസം വിജിലൻസിന് കൈമാറിയിരുന്നില്ല. താക്കോൽ നഷ്ടപ്പെട്ടുവെട്ടുവെന്നാണ് ശിവകുമാർ നൽകിയ മൊഴി. ഈ സാഹചര്യത്തിലാണ് മറ്റാരെയും ലോക്കർ തുറക്കാൻ അനുവദിക്കരുതെന്നും അന്വേഷണ സംഘത്തിന് ലോക്കർ തുറക്കാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് വിജിലൻസ് ബാങ്ക് അധികൃതർക്ക് കത്തു നൽകിയത്.

Tags:    

Similar News