പ്രഥമ പരിഗണന നല്‍കേണ്ടത് മാതൃഭാഷയ്ക്ക്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഏതു ഭാഷ പഠിക്കേണ്ടിവന്നാലും മാതൃഭാഷയെ മറക്കരുത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു രാജ്യം കൂടുതല്‍ പ്രാധാന്യം നല്‍കണം. വിദ്യയുടെ ലോകത്ത് മതവും ജാതിയും വര്‍ണവും വര്‍ഗവും ലിംഗവും തടസമാകരുതെന്നും ഉപരാഷ്ട്ര പതി

Update: 2019-02-01 17:51 GMT

കൊച്ചി: ഏതു ഭാഷകള്‍ പഠിച്ചാലും മാതൃഭാഷയ്ക്കാകണം പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും പ്രഫ.കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ഇ റീഡര്‍ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതു ഭാഷ പഠിക്കേണ്ടിവന്നാലും മാതൃഭാഷയെ മറക്കരുത്.സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു രാജ്യം കൂടുതല്‍ പ്രാധാന്യം നല്‍കണം. വിദ്യയുടെ ലോകത്ത് മതവും ജാതിയും വര്‍ണവും വര്‍ഗവും ലിംഗവും തടസമാകരുത്. എല്ലാവര്‍ക്കും അറിവ് നേടാനുള്ള അവസരങ്ങളുണ്ടാവണം. വിദ്യാഭ്യാസം നവോത്ഥാനത്തിലേക്കു നയിക്കണം. നമ്മളെല്ലാവരും ഭാരതീയര്‍, നമ്മള്‍ ഒന്ന് എന്ന വിശാലമായ ചിന്തയാണു നമ്മെ നയിക്കേണ്ടതെന്നും ഉപരാഷ്ട്രപ്രതി പറഞ്ഞു.

സാമ്പത്തിക, സാമൂഹ്യരംഗങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച അതിവേഗത്തിലാണ്. ഇക്കാലഘട്ടത്തില്‍ പരമ്പരാഗത ജീവിതമൂല്യങ്ങളിലും സാംസ്‌കാരിക അഭ്യുന്നതിയിലും മുന്നേറാന്‍ വിദ്യാഭ്യാസം പര്യാപ്തമാകണം. അറിവ് ആര്‍ജിക്കുന്നതിനൊപ്പം സ്വഭാവരൂപീകരണത്തിലും വിദ്യാഭ്യാസമേഖല കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നളന്ദയും തക്ഷശിലയും ഉള്‍പ്പെട്ട ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകം ലോകത്തിനു മാതൃകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.ഇന്നലെകളെ നാം വിസ്മരിക്കരുത്. ഗവേഷണങ്ങള്‍ കൂടുതലുണ്ടാവണം. വിദ്യാഭ്യാസമേഖലയെ സേവനമായാണ് കാണേണ്ടത്. രാജ്യത്തെ നവീകരിക്കാനുള്ള ദൗത്യമാണ് വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അധ്യക്ഷത വഹിച്ചു. ഫാ.ഡോ. പോള്‍ ആച്ചാണ്ടി ഉപരാഷ്ട്രപതിക്ക് ഉപഹാരം നല്‍കി. വിദ്യാധനം ട്രസ്റ്റിന്റെ ഈ റീഡറുകള്‍ വിവിധ സ്‌കൂളുകളുടെ പ്രതിനിധികള്‍ ഉപരാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. പ്രഫ.കെ വി തോമസ് എംപി, മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എംഎല്‍എ, പ്രിന്‍സിപ്പല്‍ ഫാ. ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, ഫാ.ഡോ. ജോസ് കുറിയേടത്ത്, കോളജ് മാനേജര്‍ ഫാ.ഡോ. അഗസ്റ്റിന്‍ തോട്ടക്കര, സ്റ്റാഫ് സെക്രട്ടറി കെ ഐ സിബി, അലുംനി അസോസിയേഷന്‍ പ്രസിഡന്റ്് ബാബു ജോസഫ് പങ്കെടുത്തു.

Tags:    

Similar News