വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റി; ഓര്‍മശക്തിയടക്കം വീണ്ടെടുത്തു

Update: 2025-06-09 13:42 GMT

തിരുവനന്തപുരം: ജയിലില്‍ ജീവനൊടുക്കാനുള്ള ശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയില്‍ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലേക്കു മാറ്റി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് അഫാനെ സെല്ലിലേക്കു മാറ്റിയത്. അപകടനില തരണം ചെയ്ത അഫാനെ കഴിഞ്ഞയാഴ്ച വെന്റിലേറ്ററില്‍ നിന്നു മാറ്റിയിരുന്നു. വീണ്ടും ജയിലിലേക്കു മാറ്റാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അഫാന്‍ ഓര്‍മശക്തിയടക്കം വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഫാന്‍ കഴിഞ്ഞ 25ന് ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തില്‍ അഫാന്റെ കഴുത്തിലെ ഞരമ്പുകള്‍ക്കു മാരകമായ പരിക്കേറ്റിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. ഓര്‍മശക്തി നഷ്ടമായാല്‍ വിചാരണയെയും മറ്റും ബാധിക്കും. 5 പേരെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്കെതിരെയുള്ള 3 കുറ്റപത്രങ്ങള്‍ പോലിസ് സമര്‍പ്പിച്ചിരുന്നു. അഫാന്‍ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്ന് ജയില്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വിഷാദരോഗത്തിനു ഡോക്ടര്‍മാരെയും കണ്ടിരുന്നു. ആത്മഹത്യാ പ്രവണതയും കാട്ടിയിരുന്നു. അതിനാല്‍ സദാസമയവും ജയില്‍ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു അഫാന്‍.

സഹോദരന്‍ അഹ്‌സാന്‍, സുഹൃത്തായ ഫര്‍സാന, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്‍മാ ബീവി എന്നിവരെ അഫാന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിതാവ് വിദേശത്ത് കുടുങ്ങിയപ്പോള്‍ അഫാനും അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിനു 48 ലക്ഷം രൂപയോളം കടംപെരുകി. ഇതില്‍ വഴക്കുപറഞ്ഞതിന്റെയും കടംവീട്ടാന്‍ സഹായിക്കാത്തതിന്റെയും വൈരാഗ്യത്തിലാണ് ഉറ്റവരെ അഫാന്‍ കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊലപാതകങ്ങള്‍ക്കുശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അഫാന്‍ പോലിസ് കസ്റ്റഡിയിലും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.കേരളം നടുങ്ങിയ കൂട്ടക്കൊല നടന്ന് 91-ാം ദിവസമാണ് അഫാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്.




Tags: