വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: രണ്ടുപേര്‍ കൂടി പിടിയില്‍
ബന്ധപ്പെട്ട് എട്ട് പേരെ പോലിസ് പിടികൂടി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. കേസിലെ പ്രതികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര് കൂടി പിടിയിൽ. അന്‍സര്‍, ഉണ്ണി എന്നിവരെയാണ് പോലിസ് പിടികൂടിയത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലിസ് പിടികൂടി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. കേസിലെ പ്രതികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
കേസില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരുടെ അറസ്റ്റാണ് പോലിസ് രേഖപ്പെടുത്തിയത്. പ്രതികള്‍ക്ക് സഹായം നല്‍കിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമാണ് അറസ്റ്റിലായതെന്ന് പോലിസ് അറിയിച്ചു. കസ്റ്റഡിയിലുള്ള മുഖ്യപ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയോടുകൂടി രേഖപ്പെടുത്താനാണ് സാധ്യത.
ഇവരെ പോലിസ് ചോദ്യം ചെയ്‌ത് വരികയാണ്. നിലവില്‍ 11 പേരാണ് പോലിസ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലിസ് അറിയിച്ചു. പിടിയിലായവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണ സമയത്ത് മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീന്‍, തിരിച്ചറിഞ്ഞ അന്‍സാര്‍ അക്രമ സംഘത്തില്‍ ഇല്ലായിരുന്നുവെന്ന് പിടിയിലായവര്‍ പോലിസിന് മൊഴി നല്‍കി. ഫോട്ടോയിലൂടെയാണ് അന്‍സറിനെ ഷഹീന്‍ തിരിച്ചറിഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
