വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പ്രതിയുടെ ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്ഐ; അടൂർ പ്രകാശ് സഹായിച്ചെന്ന് ആരോപണം
വെഞ്ഞാറമ്മൂട് കേസിൽ തനിക്ക് പങ്കില്ല. ആഭ്യന്തര വകുപ്പ് അന്വേഷിക്കട്ടെ. തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിക്കാനുള്ള ബാധ്യത മന്ത്രി ജയരാജനെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളിൽ ഒരാളായ ഷജിത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്ഐ. നേരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിനെ ആക്രമിച്ച സംഭവത്തിന് ശേഷം ഷജിത്ത് വെളിപ്പെടുത്തലാണ് പുറത്തുവിട്ടത്. കോൺഗ്രസിന്റെ ഫേസ്ബുക്ക് മെസഞ്ചർ ഗ്രൂപ്പിൽ പ്രചരിച്ച ശബ്ദരേഖയാണിതെന്ന് ഡിവൈഎഫ്ഐ മേഖലാ ട്രഷറർ അംജിത് പറഞ്ഞു.
അടൂർ പ്രകാശ് എംപി പ്രതിയെ സഹായിച്ചെന്ന സൂചനയാണ് ഈ ശബ്ദരേഖയിലുള്ളതെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഫൈസലിനെ ആക്രമിച്ച കേസിലെ എഫ്ഐആറിൽ തന്റെ പേര് വന്നപ്പോൾ എംപിയെ വിളിച്ചെന്നും അദ്ദേഹം ഇടപെട്ട് എല്ലാം ശരിയാക്കിയെന്നുമാണ് ഷജിത്ത് പറയുന്നത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിൽ അടൂർ പ്രകാശ് എംപിയുടെ ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി ഇ പി ജയരാജൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ അടൂർ പ്രകാശ് എംപി നിഷേധിച്ചു. വെഞ്ഞാറമ്മൂട് കേസിൽ തനിക്ക് പങ്കില്ല. ആഭ്യന്തര വകുപ്പ് അന്വേഷിക്കട്ടെ. തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിക്കാനുള്ള ബാധ്യത മന്ത്രി ജയരാജനെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.