വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പരസ്പരം കൊമ്പുകോർത്ത് സിപിഎമ്മും കോൺഗ്രസും
കൊലപാതകം കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് സിപിഎം ആരോപിച്ചു. സിപിഎം മരണം ആഘോഷമാക്കുന്ന പാര്‍ട്ടിയാണെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊലചെയ്യപ്പെട്ട സംഭവം കോൺഗ്രസ്സ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിന് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തു വന്നു.
കൊലപാതകം നടത്തിയവരേയും ഗൂഡാലോചന നടത്തിയവരേയും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കോൺഗ്രസ്സ് നേതൃത്വം ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് ശ്രമിക്കുന്നത്. ഈ കൊലപാതകത്തെ ന്യായികരിച്ചുകൊണ്ടുള്ള നിലപാടാണ് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചത് എന്നത് കോൺഗ്രസ്സ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അപമാനിക്കാനാണ് കെപിസിസി പ്രസിഡന്റ് ഈ സന്ദർഭം ഉപയോഗിച്ചത് ഇത് അത്യന്തം അപലപനീയമാണ്. ഒരോ പ്രശ്നങ്ങളിലും അവർ ജനങ്ങൾക്കിടയിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കൂടുതൽ നിരാശരായി പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
ഇവരുടെ പ്രകോപനത്തിൽ പെട്ടുപോകാതെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്താൻ പാർട്ടി പ്രവർത്തകന്മാർ മുൻകയ്യെടുത്ത് പ്രവർത്തിക്കണം. കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ ആഹ്വാനം ചെയ്ത കരിദിനം വമ്പിച്ച വിജയമാക്കണം. കൊവിഡ് 19 പ്രോട്ടോകോൾ പാലിച്ച് പാർട്ടി ബ്രാഞ്ച് അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിലായി 5 പേർ ഒരു കേന്ദ്രത്തിൽ അധികരിക്കാത്തവിധം കറുത്ത ബാഡ്ജ് ധരിച്ച് വൈകുന്നേരം 4 മണി മുതൽ 6 മണി വരെ ധർണ്ണാ സമരം സംഘടിപ്പിക്കണം. സമര കേന്ദ്രങ്ങളിൽ രക്തസാക്ഷികളായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും ഫോട്ടോകൾ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് പരിപാടികൾ നടത്തേണ്ടത്. കൊലപാതക സംഘമായ യു.lഡിഎഫിനെതിരെ വമ്പിച്ച ബഹുജന രോഷമായി കരിദിനാചരണ പരിപാടി മാറണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
അതേസമയം, മരണങ്ങളെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. രക്തസാക്ഷികളുടെ പേരില്‍ പാര്‍ട്ടി ഫണ്ട് പിരിക്കുന്നതിലാണ് സിപിഎമ്മിന് താല്‍പ്പര്യം. ഓരോ മരണവും തീവ്രമായ ദുഖമാണ്. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല. അതുകൊണ്ട് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിബിഐയ്ക്ക് വിടാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. രണ്ട് സംഘങ്ങള്‍ നടത്തിയ അക്രമമാണ് തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ കൊലപാതകത്തില്‍ കലാശിച്ചത്. ആ സംഭവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല. ഈ ദാരുണ സംഭവത്തെ കെപിസിസി ശക്തമായി അപലപിക്കുന്നു. ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഹിംസയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അക്രമികളെ എക്കാലവും സംരക്ഷിക്കുന്നത് സിപിഎമ്മാണ്. ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കിയ പാര്‍ട്ടിയാണ് സിപിഎം. അക്രമം സിപിഎമ്മിന്റെ ശൈലിയാണ്. വ്യാജപ്രചരണം നടത്തുന്നത് സിപിഎമ്മിന്റെ രീതിയാണ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ വീണുകിട്ടിയ അവസരമായിട്ടാണ് സിപിഎം കാണുന്നത്. അതിന്റെ ഭാഗമാണ് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വ്യാപകമായി അക്രമം അഴിച്ചുവിടാനുള്ള സിപിഎം നേതാക്കളുടെ ബോധപൂര്‍വ്വമായ ശ്രമം.
കഴിഞ്ഞ ദിവസം പി എസ് സി ആസ്ഥാനത്ത് മുന്നില്‍ പട്ടിണി സമരം നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു പ്രകോപനവും ഇല്ലാതെ അക്രമിക്കുകയും സമരം അലങ്കോലപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തുടനീളം നൂറിലേറെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയാണ്. കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ ഗുണ്ടകള്‍ ഇരച്ചുകയറി നാശനഷ്ടം ഉണ്ടാക്കി. തൊടുപുഴയിലും ഇത് ആവര്‍ത്തിച്ചു. കോഴിക്കോട് കുണ്ടായിത്തോട് മുഹമ്മദ് അഹ്ദുറഹ്മാന്‍ വായനശാലയിലേക്ക് ബോംബെറിഞ്ഞു. നാദാപുരത്ത് മണ്ഡം കോണ്‍ഗ്രസ് ഓഫീസിനും ബോംബേറിഞ്ഞു. കേശവദാസപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കണ്ണൂരിലും കോഴിക്കോടും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ അക്രമം സിപിഎം അഴിച്ചുവിടുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കൊലപാതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കി സിപിഎം സംസ്ഥാനത്ത് അക്രമപരമ്പര സൃഷ്ടിച്ച് അഴിഞ്ഞാടുകയാണ്. അക്രമികളെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎം തയ്യാറാകണം. സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.
വെഞ്ഞാറമൂട് കൊലപാതകത്തിന്റെ മറവില്‍ സിപിഎം സംസ്ഥാനവ്യാപകമായി നടത്തുന്ന അക്രമങ്ങള്‍ക്ക് ഏകീകൃതസ്വഭാവമുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. ആരുടെയോ ആഹ്വാന പ്രകാരം അക്രമം നടത്തുന്നത് പോലെയാണ് തോന്നുന്നത്.കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുന്നതിന് പകരം അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സിപിഎം ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

