വാഹന കാലാവധി: സ്‌കൂള്‍ വാഹനങ്ങളെ ഒഴിവാക്കണമന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

രാജ്യത്ത് ഉടനീളം ഉപയോഗിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ഓരോ ദിവസവും കുറഞ്ഞ ദൂരത്തില്‍ ഉള്ള യാത്ര മാത്രമേ ചെയ്യുന്നുള്ളൂ.കുറഞ്ഞ സമയം മാത്രമേ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുള്ളൂ.ഈ സാഹചര്യത്തില്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പരുധിയില്‍ സ്‌കൂള്‍ വാഹനങ്ങളെ ഉള്‍പ്പെടുത്തുന്നത് വിവേചനപരമാണെന്നും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

Update: 2021-02-10 08:05 GMT

കൊച്ചി: ഉപയോഗത്തിന്റെ ദൈര്‍ഘ്യം നോക്കാതെ കാലാവധിയുടെ അടിസ്ഥാനത്തിലുള്ള നിരോധനത്തിന്റെ പരിധിയില്‍ നിന്ന് സ്‌കൂള്‍ വാഹനങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കി.

രാജ്യത്ത് ഉടനീളം ഉപയോഗിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ഓരോ ദിവസവും കുറഞ്ഞ ദൂരത്തില്‍ ഉള്ള യാത്ര മാത്രമേ ചെയ്യുന്നുള്ളൂ.കുറഞ്ഞ സമയം മാത്രമേ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുള്ളൂ.ഈ സാഹചര്യത്തില്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പരുധിയില്‍ സ്‌കൂള്‍ വാഹനങ്ങളെ ഉള്‍പ്പെടുത്തുന്നത് വിവേചനപരമാണെന്നും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നിയമം നടപ്പില്‍ വരുത്തിയാല്‍ ബഹുഭൂരിപക്ഷം സ്‌കൂള്‍ വാഹനങ്ങളും സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും ഇതു മൂലം വിദ്യാര്‍ഥകള്‍ക്ക് കൃത്യസമയങ്ങളില്‍ സ്‌കൂളുകളില്‍ എത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും അസോസിയേഷന്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സിബിഎസ്ഇ-ഐസിഎസ്ഇ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തുന്നത് അനീതിയാണെന്ന് കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും കേരള ഫെഡറേഷന്‍ ഓഫ് സിബിഎസ്ഇ-ഐസിഎസ്ഇ സ്‌കൂള്‍സ് ചെയര്‍മാനുമായ അഡ്വക്കേറ്റ് ടി പി എം ഇബ്രാഹിം ഖാന്‍ പറഞ്ഞു.ഗവണ്‍മെന്റ് ഭാഗത്തുനിന്നും യാതൊരു ധനസഹായവും കൈപ്പറ്റാതെ നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്ന സിബിഎസ്ഇ-ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് വാഹനങ്ങളുടെ മേല്‍ അധിക നികുതി ചുമത്തുന്നത് വിവേചനം മാത്രമല്ല ലക്ഷക്കണക്കിന് വിദ്യാര്‍ഥികളോടുള്ള അനീതി ആണ്. ഇതിനെതിരെ രംഗത്തുവരാന്‍ സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷകര്‍ത്താക്കളും നിര്‍ബന്ധിതരാകുമെന്നും ഇബ്രാഹിം ഖാന്‍ പറഞ്ഞു.

Tags: