ചെറിയാന്‍ ഫിലിപ്പിനോട് സിപിഎമ്മിന് ചിറ്റമ്മ നയം; തെറ്റുകള്‍ തിരുത്തി കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് 'വീക്ഷണം'
തിരുവനന്തപുരം: ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി മുഖപത്രം വീക്ഷണം. ' മോഹമുക്തനായ ചെറിയാന് വീണ്ടും അവഗണന' എന്ന തലക്കെട്ടില്‍ പത്രത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് ചെറിയാന്‍ ഫിലിപ്പിനെ വീണ്ടും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തി തിരിച്ചുവരികയാണെങ്കില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. ' മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനകത്ത് വിമതനായി വിമതനായി വേഷം കെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന് പറഞ്ഞ് ചുടുചോറ് മാന്തിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചെന്നുപറഞ്ഞാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.
പലപ്പോഴും നിരാശനായി സിപിഎമ്മിന്റെ അടുക്കളപ്പുറത്തിരിക്കേണ്ടിവന്ന ചെറിയാന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോണ്‍ഗ്രസില്‍ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. 2001ലായിരുന്നു താനിഷ്ടപ്പെട്ട തിരുവനന്തപുരം വെസ്റ്റ് നിയമസഭാ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ട് ഉമ്മന്‍ചാണ്ടിക്കെതിരേ പുതുപ്പള്ളിയില്‍ സിപിഎം പിന്തുണയോടെ വിമതനായി മല്‍സരിച്ചത്. പക്ഷേ, ഉമ്മന്‍ചാണ്ടിക്ക് ചെറിയൊരു ഭീഷണി പോലും സൃഷ്ടിക്കാന്‍ ചെറിയാന് സാധിച്ചില്ല. കോണ്‍ഗ്രസില്‍നിന്ന് പുറത്തായ ചെറിയാന്‍ എ കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമെതിരേ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യമര്യാദ പോലും മറന്നുകൊണ്ടായിരുന്നുവെന്നും മുഖപ്രസംഗം പറയുന്നുണ്ട്.
വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎമ്മിന് ഇരട്ടത്താപ്പുണ്ടായിരുന്നു. ടി കെ ഹംസയെയും ലോനപ്പന്‍ നമ്പാടനെയും കെ ടി ജലീലിനെയും പരിഗണിക്കുകയും മന്ത്രിസ്ഥാനം നല്‍കുകയും ചെയ്ത സിപിഎം, ചെറിയാന്‍ ഫിലിപ്പിനോട് ചിറ്റമ്മ നയമാണ് കാണിച്ചതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ തവണ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച സിപിഎം, കാര്യങ്ങള്‍ തീരുമാനത്തിലെത്തിയപ്പോള്‍ ചെറിയാനെയല്ല, എളമരം കരീമിനെയിരുന്നു പരിഗണിച്ചത്. ഇത്തവണ എല്‍ഡിഎഫിന് ലഭിച്ച രണ്ട് സീറ്റുകളും ഏകപക്ഷീയമായി ഏറ്റെടുത്തു.
ഒന്ന് ചെറിയാന് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. പക്ഷേ, ചെറിയാന്‍ വീണ്ടും കബളിപ്പിക്കപ്പെട്ടു. പിണറായിയുടെ അടുക്കള സംഘത്തില്‍ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസിനെയും ശിവദാസനെയുമായിരുന്നു പാര്‍ട്ടി നിര്‍ദേശിച്ചത്. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന ചൊല്ല് അന്വര്‍ധമാക്കുന്നതായിരുന്നു ചെറിയാന്റെ ഗതി. കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ സിപിഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടിവരുന്നവരുടെ ചോര പരമാവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെ പോലെയാണ് സിപിഎമ്മെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.