അപ്പക്കഷണങ്ങള്‍ വലിച്ചെറിഞ്ഞ് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കരുതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയോട് കോടതി

മതിയായ നഷ്ടപരിഹാരം നല്‍കാതെ വാശിപിടിക്കുന്നതിനാല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയോടുള്ള മതിപ്പ് നഷ്ടപ്പെട്ടു. കമ്പനിക്കെതിരെ പ്രചരണം നടത്തിയെന്നു പറഞ്ഞ് വിജേഷിനെ പാഠം പടിപ്പിക്കുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി

Update: 2019-02-05 09:17 GMT

കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ കോട്ടപ്പുറം സ്വദേശി വിജേഷ് വിജയന് നഷ്ടപരിഹാരം നല്‍കാത്തതിനെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അപ്പക്കഷണങ്ങള്‍ വലിച്ചെറിഞ്ഞ് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കരുതെന്നും മതിയായ നഷ്ടപരിഹാരം നല്‍കാതെ വാശിപിടിക്കുന്നതിനാല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയോടുള്ള മതിപ്പ് നഷ്ടപ്പെട്ടെന്നും ഹൈക്കോടതി പറഞ്ഞു. കമ്പനിക്കെതിരെ പ്രചരണം നടത്തിയെന്നു പറഞ്ഞ് വിജേഷിനെ പാഠം പടിപ്പിക്കുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ തവണ കേസ് വന്നപ്പോള്‍ സ്വീകരിച്ച നിലപാടല്ല കമ്പനി ഇപ്പോള്‍ സ്വീകരിക്കുന്നത്. അപ്പക്കഷണങ്ങള്‍ വലിച്ചെറിഞ്ഞ് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കരുത്. ചിറ്റിലപ്പള്ളിയെ പോലെയുളള ഒരാള്‍ക്ക്, സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാക്കാന്‍ സാധിക്കുന്നില്ലേയെന്നും അത് ഞെട്ടലുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു.വിജേഷിന്റ കരുത്താണ് അവനെ ജീവിപ്പിക്കുന്നത്. അവന് എല്ലാ വിജയവും നേരുകയാണെന്നും കോടതി പറഞ്ഞു. അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വര്‍ഷങ്ങളായി കിടപ്പിലാണ്. നഷ്ടപരിഹാരം തേടി വിജേഷ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം. കേസ് ഒരാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. 2002 ഡിസംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം.




Tags:    

Similar News