ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും സ്ഥാനമുണ്ട്, ഇത് ആര്‍എസ്എസ് അംഗീകരിക്കുന്നില്ല: മുഖ്യമന്ത്രി

Update: 2025-10-20 14:22 GMT

കണ്ണൂര്‍: ശബരിമലയെ വലിയ വിവാദമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. ഒരു മുസ് ലിമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്ന് സംഘപരിവാര്‍ ചിന്തിക്കുന്നു. അമിത് ഷാ പറയുന്നത് പോലെ ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനാണ് ഉപകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചിയില്‍ നടന്ന മലയാള മനോരമയുടെ പരിപാടിയില്‍ അമിത് ഷാ ചിലകാര്യങ്ങള്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 25% വോട്ട് നേടുമെന്നും നിയമസഭയില്‍ ഭൂരിപക്ഷം നേടുമെന്നും ആയിരുന്നു അത്. അമിത് ഷായുടെ പ്രസ്താവന കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിന് നമ്മുടേതായ പ്രത്യേകതകളുണ്ട്. ആര്‍എസ്എസിന്റെ തത്വശാസ്ത്രം മേധാവിത്വം വഹിച്ചാല്‍ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നില്‍ക്കാനാവില്ല. ആര്‍എസ്എസിന് മേധാവിത്തം കിട്ടിയാല്‍ ഓണത്തിന് മഹാബലിയെ നഷ്ടമാകും. വാമനനെ ആണവര്‍ക്ക് വേണ്ടതെന്നും പിണറായി പറഞ്ഞു.