വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ്: ക്രമക്കേടിനെക്കുറിച്ച് പരാതിപ്പെട്ട വിദ്യാര്‍ഥിനിക്ക് മര്‍ദനം; കോളജില്‍ സംഘര്‍ഷം (വീഡിയോ)

കോളജില്‍ ക്രമക്കേട് നടക്കുന്നതായി പരാതിപ്പെട്ട വിദ്യാര്‍ഥിനി ആര്യ അനിലിനെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സുമംഗലി മര്‍ദിച്ചത്. കോളജിന്റെ റിസപ്ഷനില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ വീഡിയോ ചിത്രീകരിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രമിച്ചത് ചോദ്യംചെയ്തതിനെത്തുടര്‍ന്നായിരുന്നു മര്‍ദനം അഴിച്ചുവിട്ടത്.

Update: 2019-10-04 13:40 GMT

തിരുവനന്തപുരം: വ്യാപകക്രമക്കേട് നടക്കുന്നതായി പരാതി ഉയര്‍ന്ന വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിക്കുനേരേ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ കൈയേറ്റം. കോളജില്‍ ക്രമക്കേട് നടക്കുന്നതായി പരാതിപ്പെട്ട വിദ്യാര്‍ഥിനി ആര്യ അനിലിനെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സുമംഗലി മര്‍ദിച്ചത്. കോളജിന്റെ റിസപ്ഷനില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ വീഡിയോ ചിത്രീകരിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രമിച്ചത് ചോദ്യംചെയ്തതിനെത്തുടര്‍ന്നായിരുന്നു മര്‍ദനം അഴിച്ചുവിട്ടത്. സെക്യൂരിറ്റിക്കൊപ്പംചേര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വിദ്യാര്‍ഥിനിയുടെ കവിളില്‍ അടിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെ മര്‍ദിച്ചതിനെതിരേ മറ്റ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.Full View

എന്നാല്‍, ഇവരെ കോളജ് ജീവനക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ 24 ന്യൂസ് വാര്‍ത്താസംഘത്തിനുനേരെയും കൈയേറ്റമുണ്ടായി. കാമാറാമന്‍ എസ് ആര്‍ അരുണിനും ഡ്രൈവര്‍ അഭിലാഷിനും മര്‍ദനമേറ്റു. കാമറ തല്ലത്തകര്‍ത്തു. റിപോര്‍ട്ടര്‍ ആതിര പത്മനാഭനെ അസഭ്യം പറയുകയും ചെയ്തു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെ അറസ്റ്റുചെയ്തു. അതിനിടെ, വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പരീക്ഷാഫലം തടഞ്ഞുവയ്ക്കാന്‍ ആരോഗ്യസര്‍വകലാശാല തീരുമാനിച്ചു.

33 പേര്‍ എഴുതിയ ഒന്നാംവര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെ ഫലമാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന ആരോഗ്യസര്‍വകലാശാല ഗവേണിങ് സമിതിയുടെ റിപോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാഫലം തടഞ്ഞുവയ്ക്കാനും കോളജില്‍ ഇനി പരീക്ഷാ സെന്റര്‍ അനുവദിക്കേണ്ടതില്ലെന്നും സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചത്. ആരോഗ്യസര്‍വകലാശാലയുടെ പരിശോധനയിലും കോളജ് പരാജയപ്പെട്ടിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റിനെതിരേ കഴിഞ്ഞ കുറെ മാസങ്ങളായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്.Full View

വാടകയ്ക്ക് രോഗികളെ എത്തിച്ചുള്ള തട്ടിപ്പാണ് നടന്നുവരുന്നത്. ഫോണ്‍ എടുക്കാന്‍ പാടില്ലെന്നും ആശുപത്രിയില്‍ ഇരിക്കാനോ നില്‍ക്കാനോ പാടില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ വ്യവസ്ഥയെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. സെക്യൂരിറ്റി എന്ന പേരില്‍ ഗുണ്ടകളെ ഇറക്കി വിരട്ടുകയാണെന്നും പരാതിപ്പെടുന്നവരെ പീഡിപ്പിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഈ വിഷയത്തില്‍ അധികൃതര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാണ് അന്വേഷണം നടത്തിയ വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. മാത്രമല്ല, ഇവിടെ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത സ്ഥിതിയാണ്. വിദ്യാര്‍ഥികളെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ മറ്റൊരു മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്നും ശുപാര്‍ശയിലുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.   

Tags:    

Similar News