വര്‍ക്കല സ്കൂളിലെ സംഘർഷം: വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പോലിസ് വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരെ മര്‍ദിക്കാന്‍ മുതിര്‍ന്നതോടെയാണ് പോലിസിന് ഇടപെടേണ്ടിവന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

Update: 2019-10-29 05:50 GMT

തിരുവനന്തപുരം: പടക്കം എറിഞ്ഞതിനും പോലിസിനെ ആക്രമിച്ചതിനും ചികില്‍സയിലുള്ള വര്‍ക്കല സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പോലിസ് കേസ് എടുത്തത്. പെണ്‍കുട്ടികള്‍ക്ക് നേരെ പടക്കം എറിഞ്ഞതിന് സുധീഷ്, ആനന്ദ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 286, 336 ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പോലിസിനെ ആക്രമിച്ചതിന് കേരള പോലിസ് ആക്ട് 117 പ്രകാരവും കേസ് എടുത്തിട്ടുണ്ട്. പോലിസ് വിദ്യാര്‍ഥികളെ മര്‍ദിച്ചിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും. പ്രതികളായ വിദ്യാര്‍ഥികള്‍ പ്രായപൂര്‍ത്തിയായവരാണെന്നും വിദ്യാര്‍ഥികളെ പോലിസ് മര്‍ദിച്ചിട്ടില്ലെന്നും പോലിസും പറയുന്നു. അതേസമയം, പോലിസ് മർദ്ദനത്തിൽ പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ വിദഗ്ധ ചികില്‍സക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇന്നലെ രാവിലെയാണ് വര്‍ക്കല ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കടന്ന് പോലിസ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. പോലിസ് വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരെ മര്‍ദിക്കാന്‍ മുതിര്‍ന്നതോടെയാണ് പോലിസിന് ഇടപെടേണ്ടിവന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. കലോല്‍സവ വേദിയില്‍ പടക്കമെറിഞ്ഞ വിദ്യാര്‍ഥികള്‍ പതിനെട്ടുവയസു കഴിഞ്ഞവരാണെന്നും ഇവര്‍ക്കെതിരെ സ്‌കൂള്‍ അധികൃതരുടെ പാരാതിയില്‍ കേസ് എടുത്തതായും പോലിസ് അറിയിച്ചു.

ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിക്കുകയും ബഹളം വെയ്ക്കുകയും ചെയ്ത് കലോത്സവം അലങ്കോലമാക്കാന്‍ ശ്രമിക്കുന്നതായി സകൂള്‍ അധികൃതര്‍ പരാതിപ്പെട്ടിരുന്നു. പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂളിലെത്തിയ പോലിസ് പടക്കം പൊട്ടിച്ച വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു എന്നാണ് പരാതി. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ സുധീഷിനാണ് പരിക്കേറ്റത്. അതേസമയം വിദ്യാര്‍ത്ഥികള്‍ പോലിസിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് ലാത്തി വീശിയതെന്നും മർദ്ദിച്ചിട്ടില്ലെന്നും പോലിസ് ഉദ്യോഗസ്ഥരും പറയുന്നു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പോലിസിനെതിരെ പരാതി നല്‍കാനാണ് രക്ഷിതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News