വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭയപ്പെടുന്നത് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍: അല്‍ഹാദി അസോസിയേഷന്‍

ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമരപോരാളികളെ മതത്തിന്റെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് സമൂഹത്തില്‍ ഛിദ്രതസൃഷ്ടിക്കാനുള്ള സംഘപരിവാര്‍ കുതന്ത്രങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

Update: 2020-07-02 10:24 GMT

തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ജന്‍മിമാരെയും മാടമ്പിമാരെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിഷ്‌കരുണം കൈകാര്യംചെയ്തതിന്റെ പേരില്‍ തന്നെയാണ് ഒറ്റുകാരുടെ പിന്‍തലമുറക്കാരായ സംഘപരിവാര്‍ അദ്ദേഹത്തെ ഭയപ്പെടുന്നതെന്ന് അല്‍ഹാദി അസോസിയേഷന്‍ വിലയിരുത്തി. ഹിന്ദുവെന്നോ മുസല്‍മാനെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം നടപടി സ്വീകരിച്ചിരുന്നതെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും രാജ്യത്തോടുളള കൂറുപ്രകടിപ്പിക്കുന്നിടത്തും നീതിമാനായ പോരാളി തന്നെയായിരുന്നുവെന്നും കാവിക്കണ്ണടവയ്ക്കാതെ ചരിത്രം വായിക്കുന്നവര്‍ക്ക് മനസ്സിലാവും.

ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമരപോരാളികളെ മതത്തിന്റെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് സമൂഹത്തില്‍ ഛിദ്രതസൃഷ്ടിക്കാനുള്ള സംഘപരിവാര്‍ കുതന്ത്രങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശക്തരും ക്രൂരരുമായ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ഖിലാഫത്ത് പോരാളികള്‍ പ്രകടിപ്പിച്ച പോരാട്ടവീര്യത്തെ ശത്രുക്കള്‍ പോലും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട് ഗാന്ധിജി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളൊക്കെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രസക്തി മനസ്സിലാക്കുകയും അതിനെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയില്‍ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തവരാണ്.

രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന് രാഷ്ട്രനിന്ദ നടത്തിയവരെ സംബന്ധിച്ചിടത്തോളം വാരിയംകുന്നനും ടിപ്പുസുല്‍ത്താനുമൊക്കെ കണ്ണിലെ കരടാവുന്നതില്‍ അത്ഭുതപ്പെടാനില്ല. അധസ്ഥിത, പാര്‍ശ്വവല്‍കൃത സമുദായങ്ങളെ ചൂഷണംചെയ്ത സവര്‍ണശക്തികളെ മതവും മുഖവും നോക്കാതെ ടിപ്പുസുല്‍ത്താന്‍ അടിച്ചമര്‍ത്തിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തെ കാല്‍ക്കാശിന് ഒറ്റുകൊടുത്ത ചെരുപ്പുനക്കികളെ പൂവിട്ടുപൂജിക്കുന്ന സംഘപരിവാര്‍ ഇന്ത്യയുടെ നിര്‍മാണപ്രക്രിയയില്‍ എന്തുപങ്കാണ് വഹിച്ചിട്ടുളളതെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. വാരിയംകുന്നനും ആലി മുസ്‌ല്യാരും ദേവ്ബന്ദ് ഉലമാക്കളും ഉള്‍പ്പെടുന്ന സമുദായം നാലുലക്ഷത്തിലധികം രക്തസാക്ഷികളെ സ്വാതന്ത്ര്യപോരാട്ടക്കളത്തില്‍ സംഭാവനചെയ്തപ്പോള്‍ ഒറ്റുകാരും കുലദ്രോഹികളുമായ സംഘികളില്‍ ഒരാള്‍ പോലും സമരരംഗത്തുണ്ടായിരുന്നില്ല എന്നതാണ് സത്യം.

രാജ്യവാസികളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ച് കലാപത്തിന് ശ്രമിക്കുന്ന ഒറ്റുകാരുടെ പിന്‍തലമുറക്കാരായ ഇത്തരം ശക്തികള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്‍ഹാദി അസോസിയേഷന്‍ ആവശ്യപ്പെട്ടു. കരമന അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ജനറല്‍ സെക്രട്ടറി കെ കെ സൈനുദ്ദീന്‍ ബാഖവി, ട്രഷറര്‍ എസ് അര്‍ഷദ് ഖാസിമി, വൈസ് പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം ബാഖവി, മാഹീന്‍ ഹസ്രത്ത്, ആബിദ് മൗലവി അല്‍ഹാദി, നജ്മുദ്ദീന്‍ ഹാദി ചടയമംഗലം, സിറാജുദ്ദീന്‍ ഹാദി കുറിഞ്ചിലക്കാട്, ഇല്യാസ് മൗലവി ഓച്ചിറ, അബ്ദുല്ലാഹ് ഹാദി ആലുവ, അബൂസ്വാലിഹ് മൗലവി പൂന്തുറ, സലിം ഹാദി പള്ളിക്കല്‍, ഷഫീര്‍ ഹാദി പെരുമാതുറ, അര്‍ഷദ് മുഹമ്മദ് നദ്‌വി നസറുല്ലാഹ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags:    

Similar News