വാളയാര്‍ കേസ്: പോലിസിനും പ്രോസിക്യൂഷനും ഗുരുതരവീഴ്ചയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട്

എസ്‌ഐ പി സി ചാക്കോക്കെതിരേ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവിട്ടു. ഒപ്പം പ്രോസിക്യൂട്ടര്‍മാരായ ലതാമാധവനെയും ജലജ ജയരാജനെയും ഇനി സെഷന്‍സ് കോടതികളില്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കി നിയമനം നല്‍കില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.

Update: 2021-01-13 16:26 GMT

തിരുവനന്തപുരം: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയാവുകയും ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ പോലിസിനും പ്രോസിക്യൂഷനും ഗുരുതരവീഴ്ചയുണ്ടായെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട്. വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ ആദ്യം അന്വേഷണം നടത്തിയ മുന്‍ എസ്‌ഐ പി സി ചാക്കോ മാപ്പര്‍ഹിക്കാത്ത അന്യായമാണ് ചെയ്തതെന്നാണ് അന്വേഷണം നടത്തിയ റിട്ട. ജസ്റ്റിസ് ഫനീഫ കമ്മീഷന്റെ കണ്ടെത്തല്‍. ആദ്യ കേസ് റിപോര്‍ട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്‌ഐ അവഗണിച്ചു.

കുറ്റപത്രം സമര്‍പ്പിച്ച മുന്‍ ഡിവൈഎസ്പി സോജന്‍ സാക്ഷിമൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയെന്നും കമ്മീഷന്‍ പറയുന്നു. എസ്‌ഐയ്ക്കും അഭിഭാഷകര്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്നതടക്കമുള്ള തീരുമാനങ്ങളടങ്ങിയ ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. എസ്‌ഐയ്ക്കും അഭിഭാഷകര്‍ക്കുമെതിരായ നടപടിക്കും ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എസ്‌ഐ പി സി ചാക്കോക്കെതിരേ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവിട്ടു. ഒപ്പം പ്രോസിക്യൂട്ടര്‍മാരായ ലതാമാധവനെയും ജലജ ജയരാജനെയും ഇനി സെഷന്‍സ് കോടതികളില്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കി നിയമനം നല്‍കില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.

ഇരുവരെയും കേസന്വേഷണത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. വിചാരണയില്‍ വീഴ്ചവരുത്തിയതിനാണ് അഭിഭാഷകര്‍ക്കെതിരേ നടപടി. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കും. 2017 ജനുവരി 13നാണ് 13 വയസുകാരിയേയും മാര്‍ച്ച് നാലിന് സഹോദരിയായ ഒമ്പതുവയസ്സുകാരിയേയും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കല്‍ പോലിസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.

ആദ്യമരണത്തില്‍ കേസെടുക്കാന്‍ അലംഭാവം കാണിച്ചതിന് വാളയാര്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്തിരുന്നു. വാളയാര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരെ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. ഇതെത്തുടര്‍ന്നാണ് കേസുകള്‍ അന്വേഷിച്ചതിലും പാലക്കാട് സ്‌പെഷല്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികളിലും ഏതെങ്കിലും തരത്തില്‍ വീഴ്ചകളുണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കാന്‍ റിട്ട.ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ആയി സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ ദിവസം പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Tags:    

Similar News