തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍നിന്നും വാജിവാഹനം കണ്ടെടുത്തു; എസ്‌ഐടി കോടതിയില്‍ ഹാജരാക്കി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ എസ്‌ഐടി നടത്തിയ പരിശോധനയില്‍ വാജിവാഹനം കണ്ടെടുത്തു. ശബരിമലയില്‍ പഴയ കൊടിമരത്തില്‍ ഉണ്ടായിരുന്നതായിരുന്നു ഈ വാജിവാഹനം. കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനത്തിനു പതിനൊന്നു കിലോ തൂക്കമുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ന്ന വേളയില്‍തന്നെ പഴയ വാജി വാഹനം കാണാനില്ലെന്നു ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു തന്റെ പക്കലുണ്ടെന്നും വീട്ടില്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും തന്ത്രി കണ്ഠര് രാജിവര് അറിയിച്ചിരുന്നു. പിന്നീട് വാജി വാഹനം തിരിച്ചെടുക്കണമെന്നു ദേവസ്വം ബോര്‍ഡിനോടും തന്ത്രി ആവശ്യപ്പെട്ടിരുന്നു.
ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജിവരെ ജനുവരി 23 വരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. അതേസമയം ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസിലും കണ്ഠര് രാജിവരെ അറസ്റ്റു ചെയ്യാന്‍ എസ്‌ഐടിക്ക് ചൊവ്വാഴ്ച കോടതി അനുമതി നല്‍കിയിരുന്നു.