ഫുട്ബോളിനെ പ്രണയിച്ച വി പി സത്യന് ജൻമനാട്ടിൽ സ്മാരകമുയർന്നു

ഫുട്‌ബോളിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു സത്യന്റേത്. കണ്ണൂരിലെ മൈതാനങ്ങളാണ് സത്യനെന്ന കളിക്കാരനെ വളര്‍ത്തിയത്. സഹകളിക്കാര്‍ക്ക് ആത്മവിശ്വാസവും ആവേശവും പകരുന്ന സാന്നിധ്യമായിരുന്നു സത്യനെന്ന നായകന്‍.

Update: 2019-05-05 08:01 GMT

തിരുവനന്തപുരം: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായിരുന്ന വി പി സത്യന് സ്മാരക മന്ദിരം ഉയര്‍ന്നു. സത്യന്റെ നാടായ മേക്കുന്നില്‍ വി പി സത്യന്‍ സ്മാരക ട്രസ്റ്റാണ് ഈ മന്ദിരം പണികഴിപ്പിച്ചത്. ഫുട്‌ബോളിനോടും കളത്തിനു പുറത്തുള്ള പെരുമാറ്റത്തിലും സത്യൻ കാണിച്ച സ്‌നേഹത്തിനുള്ള നാടിന്റെ സമ്മാനമാണിതെന്ന് മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി.

സത്യന്റെ സഹതാരമായിരുന്ന ഐ എം വിജയന്‍, സത്യന്റെ ജീവിതം പ്രമേയമാക്കിയ സിനിമയിലെ നായകന്‍ ജയസൂര്യ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിന് എത്തിയിരുന്നു. സത്യന്റെ നാട്ടുകാര്‍ രൂപം നല്‍കിയ വി പി സത്യന്‍ സ്മാരക ട്രസ്റ്റ് 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ഇത്തരമൊരു സ്മാരകം ഒരുക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി അറിയിച്ചു.

സത്യന്റെ സ്മരണ നിലനിര്‍ത്തുന്ന നടപടികളുമായി ട്രസ്റ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 5 സെന്റ് സ്ഥലത്ത് 3 നില കെട്ടിടം പണിതുയര്‍ത്തിയത്. ട്രസ്റ്റ് തന്നെയാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഫുട്‌ബോളിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു സത്യന്റേത്. കണ്ണൂരിലെ മൈതാനങ്ങളാണ് സത്യനെന്ന കളിക്കാരനെ വളര്‍ത്തിയത്. സഹകളിക്കാര്‍ക്ക് ആത്മവിശ്വാസവും ആവേശവും പകരുന്ന സാന്നിധ്യമായിരുന്നു സത്യനെന്ന നായകന്‍. 

Tags:    

Similar News