വി കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി; എം എന്‍ രജികുമാര്‍ മാളികപ്പുറം മേല്‍ശാന്തി

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ തുറന്നപ്പോളാണ് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്.

Update: 2020-10-17 03:23 GMT

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി വി കെ ജയരാജ് പോറ്റിയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. എം എന്‍ രജികുമാറിനെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു. അങ്കമാലി കിടങ്ങൂര്‍ മൈലക്കോടത്ത് മന കുടുംബാംഗമാണ് എം എന്‍ രജികുമാര്‍. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ തുറന്നപ്പോളാണ് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്.

ശബരിമല മേല്‍ശാന്തിയെ കൗശിക് കെ വര്‍മയും മാളികപ്പുറം മേല്‍ശാന്തിയെ ഋഷികേശ് വര്‍മയുമാണ് നറുക്കിട്ടെടുത്തത്. വൃശ്ചികം ഒന്നായ നവംബര്‍ 16ന് തിരുനടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും. കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് 17 മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേര്‍ എന്ന കണക്കില്‍ തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇന്നലെ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലെ നടകള്‍ തുറന്നശേഷം 18ാം പടിക്ക് മുന്നിലുള്ള ആഴിയിലും അഗ്‌നി പകര്‍ന്നിരുന്നു.

Tags:    

Similar News