ദുരന്തനിവാരണം: കേരളം മാതൃകയെന്ന് ഉത്തര്‍പ്രദേശ്

Update: 2019-02-14 11:38 GMT

തിരുവനന്തപുരം: കേരളത്തിലെ ദുരന്തനിവാരണ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മികച്ച മാതൃകയാണെന്ന് ഉത്തര്‍പ്രദേശ് ദുരന്ത നിവാരണ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ അദിഥി ഉമാറാവു. ആവശ്യ ഘട്ടത്തില്‍ വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും ദുരന്തനിവാരണ അതോറിറ്റി കൈക്കൊള്ളുന്നുണ്ടൈന്നും അദിഥി ഉമാറാവു. സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനങ്ങളെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയതാണ് അദിഥി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തിയ അദിഥി, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന അതോറിറ്റിയുടെ പ്രവര്‍ത്തനം, ഘടന തുടങ്ങിയവയെല്ലാം വിശദമായി ചോദിച്ചറിഞ്ഞു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും കലക്ടറേറ്റും അതില്‍ നിന്നെല്ലാം ഏറെ മികച്ചതാണ്. പ്രളയ സമയത്തും അല്ലാതെയുമുള്ള ജില്ലാ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു. ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഷീലാദേവിയും മറ്റു ജീവനക്കാരുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തെ ദുരിത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അദിഥി ഉമാറാവു എത്തിയത്. ദുരിത നിവാരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ദേശീയദുരന്ത നിവാരണ അതോറിറ്റിയും നേരത്തെ വ്യക്തമാക്കിയിരുന്നു. 

Tags: