ഉത്ര വധക്കേസില്‍ പോലിസിനെതിരേ ഗുരുതര ആരോപണവുമായി മുഖ്യപ്രതി സൂരജ്

ഉത്രയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത പ്ലാസ്റ്റിക്ക് കുപ്പി പോലിസ് അവിടെ കൊണ്ടുവച്ചതാണ്. ഈ കുപ്പിയില്‍ തന്റെ വിരലടയാളം പോലീസ് പതിപ്പിച്ചിരുന്നു

Update: 2020-05-27 09:30 GMT

അടൂര്‍: ഉത്ര വധക്കേസില്‍ പോലിസിനെതിരേ ഗുരുതര ആരോപണവുമായി മുഖ്യപ്രതി സൂരജ്. പോലിസ് തന്നെ ഉപദ്രവിച്ചെന്നും തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സൂരജ് ആരോപിച്ചു. അടൂരിലെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു സൂരജിന്റെ പ്രതികരണം.

ഉത്രയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത പ്ലാസ്റ്റിക്ക് കുപ്പി പോലിസ് അവിടെ കൊണ്ടുവച്ചതാണ്. ഈ കുപ്പിയില്‍ തന്റെ വിരലടയാളം പോലീസ് പതിപ്പിച്ചിരുന്നു. തന്റെ കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും പോലിസ് ഭീഷണിപ്പെടുത്തിയിരുന്നതായും സൂരജ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.

പോലിസ് കേസില്‍ കുടുക്കിയതാണെന്ന് രണ്ടാം പ്രതി സുരേഷും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞു. നേരത്തെ കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴും സുരേഷ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, പ്രതികളുടെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഏതെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോ എന്നും സംശയമുണ്ട്. അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പോലിസ് സംഘം ഇവിടെനിന്ന് മടങ്ങി. ഇനി അടൂരിലെ ബാങ്കില്‍ സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. 

Similar News