കേരള സര്‍വകലാശാല മോഡറേഷന്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കി

എല്‍എല്‍ബി, ബിടെക് ഉത്തര കടലാസുകളുടെ റീവാലുവേഷനിലും സമാനരീതിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണ് ക്രമക്കേടു നടന്നത്.

Update: 2019-11-16 18:59 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാല മോഡറേഷന്‍ ക്രമക്കേടിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കി. ക്രമക്കേടിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മഹാദേവന്‍പിള്ള വ്യക്തമാക്കിയതിന് പിന്നാലെയാണ് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്. ആഭ്യന്തര അന്വേഷണത്തിനുശേഷം പോലിസ് അന്വേഷണം മതിയെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍, മാര്‍ക്ക് ദാനത്തില്‍ സര്‍വകലാശാലയ്‌ക്കെതിരേ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പോലിസ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. മോഡറേഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ പ്രോ വൈസ് ചാന്‍സിലറും ഒരു സാങ്കേതികസമിതിയും അന്വേഷിക്കുമെന്നാണ് മഹാദേവന്‍പിള്ള കഴിഞ്ഞദിവസം പറഞ്ഞത്. ക്രമക്കേട് നടന്നെന്ന് ആഭ്യന്തര അന്വേഷണത്തില്‍ തെളിഞ്ഞാല്‍ പോലിസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന ബിഎ, ബികോം, ബിബിഎ, ബിസിഎ പരീക്ഷകളിലാണു ക്രമക്കേട് കണ്ടെത്തിയത്.

എല്‍എല്‍ബി, ബിടെക് ഉത്തര കടലാസുകളുടെ റീവാലുവേഷനിലും സമാനരീതിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണ് ക്രമക്കേടു നടന്നത്. 16 പരീക്ഷകളിലായി 76 മാര്‍ക്ക് മോഡറേഷന്‍ നല്‍കാനായിരുന്നു ബോര്‍ഡിന്റെ ശുപാര്‍ശ. അതിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിച്ചു. അതിനുശേഷമാണ് തോറ്റ വിദ്യാര്‍ഥികളെ വിജയിപ്പിക്കുന്നതിന് 132 മാര്‍ക്ക് മോഡറേഷന്‍ നല്‍കിയത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യേണ്ട പാസ്‌വേര്‍ഡ് ഉപയോഗിച്ച് പരീക്ഷാ വിഭാഗത്തിലെ ചില ജീവനക്കാരാണ് കൃത്രിമം കാണിച്ചത്. കംപ്യൂട്ടര്‍ സംവിധാനത്തില്‍ കടന്നുകയറിയാണ് മോഡറേഷന്‍ തിരുത്തിയത്. പരീക്ഷയില്‍ തോറ്റ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ ജയിക്കുകയും ചെയ്തു. നടപടികളുടെ ഭാഗമായി ഡെപ്യൂട്ടി രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറെയും സ്ഥലംമാറ്റിയിരുന്നു.  

Tags:    

Similar News