യൂനിവേഴ്‌സിറ്റി കോളജിൽ എസ്എഫ്ഐ ഗുണ്ടാരാഷ്ട്രീയം; വീണ്ടും പരാതി

നഗരത്തില്‍ മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന രാഷ്ട്രീയപരിപാടികള്‍ക്ക് ആളെ തികയ്ക്കാന്‍ കുട്ടികളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കുന്നു. പഠനം കഴിഞ്ഞുപോയവരും കുട്ടികളെ വിരട്ടാനെത്തുന്നു. പരിചയക്കാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം സംസാരിച്ചാല്‍ ആണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ്മുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുന്നതു പതിവാണെന്നും കത്തില്‍ ആരോപിച്ചു.

Update: 2019-05-21 09:10 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്ഐയുടെ ഗുണ്ടാ രാഷ്ട്രീയപ്രവര്‍ത്തനമാണു നടക്കുന്നതെന്ന് ആരോപിക്കുന്ന രക്ഷാകര്‍ത്താവിന്റെ കത്തും ശബ്ദസന്ദേശവും പുറത്ത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കുന്നുവെന്നും കുട്ടികള്‍ കടുത്ത മാനസികപീഡനം നേരിടുന്നുവെന്നും കത്തിലുണ്ട്. ഇതേ കാരണങ്ങളുന്നയിച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെയാണു മറ്റൊരു പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ ആരോപണങ്ങള്‍ പുറത്തുവരുന്നത്.

നഗരത്തില്‍ മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന രാഷ്ട്രീയപരിപാടികള്‍ക്ക് ആളെ തികയ്ക്കാന്‍ കുട്ടികളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കുന്നു. പഠനം കഴിഞ്ഞുപോയവരും കുട്ടികളെ വിരട്ടാനെത്തുന്നു. പരിചയക്കാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം സംസാരിച്ചാല്‍ ആണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ്മുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുന്നതു പതിവാണെന്നും കത്തില്‍ ആരോപിച്ചു.

വിദ്യാഭ്യാസപ്രവര്‍ത്തകനും സേവ് എജുക്കേഷന്‍ കമ്മിറ്റി സെക്രട്ടറിയുമായ എം ഷാജര്‍ഖാനാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രക്ഷിതാവ് എന്ന മുഖവുരയോടെ കത്തും ശബ്ദസന്ദേശവും പുറത്തുവിട്ടത്. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നു ഷാജര്‍ഖാന്‍ ആവശ്യപ്പെട്ടു.

നേരത്തെ, യൂനിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ഥിനിക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ കോളജിലെ പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടി വര്‍ക്കല കോളജിലേക്ക് ടിസിക്കായി അപേക്ഷയും നല്‍കി. സംഭവത്തില്‍ കോളജ് അധികൃതരും വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗവര്‍ണര്‍ കേരള സര്‍വകലാശാലയോടും സര്‍വകലാശാല കോളജിനോടും റിപ്പോര്‍ട്ട് തേടിയിരുന്നു.

Tags:    

Similar News