ഇസ്രായേല്‍ ഭീകരതയ്‌ക്കെതിരേ പ്രാര്‍ത്ഥനകൊണ്ട് ഐക്യപ്പെടുക: കാന്തപുരം

Update: 2021-05-11 08:21 GMT

കോഴിക്കോട്: ഇസ്രായേല്‍ ഭീകരതയ്ക്കിരയാവുന്ന ഫലസ്തീനികള്‍ക്ക് വേണ്ടി വിശ്വാസികള്‍ പ്രാര്‍ത്ഥനകൊണ്ട് ഐക്യപ്പെടണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. ഫലസ്തീന്‍ ജനതയ്‌ക്കെതിരേ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായ കാന്തപുരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിശുദ്ധ റമദാന്റെ അവസാന വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലേക്കു പ്രാര്‍ത്ഥനയ്ക്കായെത്തിയ വിശ്വാസികള്‍ക്ക് നേരേ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയും ഇപ്പോഴും പലതരം ആക്രമണങ്ങള്‍ തുടരുകയും ചെയ്യുന്ന ഇസ്രായേല്‍ ലോക മനുഷ്യാവകാശതത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തുന്നത്. പ്രര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ എത്തുന്ന വിശ്വാസികളെ ഉന്നംവച്ച് ആക്രമിക്കുന്ന ഇസ്രായേലിന്റെ ഭീകരത അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് കാന്തപുരം പറഞ്ഞു.

ഫലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാണ്. ജര്‍മനിയില്‍നിന്ന് അനുഭവിച്ച നാസികളുടെ ക്രൂരതകളില്‍നിന്ന് രക്ഷനേടാന്‍ ഫലസ്തീന്റെ ഭൂരിഭാഗം കൈക്കലാക്കി. നാസികള്‍ നടത്തിയതിന് തുല്യമായ ആക്രമണമാണ് ഫലസ്തീന്‍ ജനതയ്ക്ക് നേരേ ഇസ്രായേല്‍ നടത്തുന്നത്. ഇസ്രായേലിന്റെ നൃശംസത തടയാന്‍ ലോകരാജ്യങ്ങളുടെ ഇടപെടല്‍ വേണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

Tags:    

Similar News