കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ പരസ്യശാസന

എയര്‍പോര്‍ട്ടിലെ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനെത്തിയ സംഘത്തോടൊപ്പം എയര്‍പോര്‍ട്ട് ഡയറക്ടര്‍ തന്നെ കാണാനെത്തിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

Update: 2019-09-10 18:22 GMT

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവുവിനെ പരസ്യമായി ശാസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. എയര്‍പോര്‍ട്ടിലെ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനെത്തിയ സംഘത്തോടൊപ്പം എയര്‍പോര്‍ട്ട് ഡയറക്ടര്‍ തന്നെ കാണാനെത്തിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഔദ്യോഗികമായി അറിയിക്കാതെ കാണാനെത്തിയത് എന്തിനാണെന്ന് ചോദിച്ച മന്ത്രി എയര്‍പോര്‍ട്ടിലെ വിഷയം താന്‍ അവിടെ എത്തിയപ്പോള്‍ ഡയറക്ടര്‍ക്ക് പറയാമായിരുന്നില്ലേ എന്നും ആരാഞ്ഞു.

താന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ അവിടെ എത്താതിരുന്നത് എന്താണെന്നും മുരളീധരന്‍ ചോദിച്ചു. എന്നാല്‍, മന്ത്രി വിമാനത്താവളത്തിലെത്തുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നായിരുന്നു ശ്രീനിവാസ റാവുവിന്റെ പ്രതികരണം. താന്‍ എത്തുന്ന വിവരം എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിഞ്ഞില്ലെങ്കില്‍ അത് ഭരണപരമായ വീഴ്ചയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. നിവേദകസംഘത്തിനും എയര്‍പോര്‍ട്ട്, സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രി എയര്‍പോര്‍ട്ട് ഡയറക്ടറോട് കയര്‍ത്തത്. കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് നിവേദകസംഘമെത്തിയത്. 

Tags: