കേരളത്തിൽ തൊഴിലില്ലായ്മ 40 മാസത്തെ ഉയര്‍ന്ന നിരക്കില്‍; ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് 7.2 കോടി ജനങ്ങള്‍ക്ക്

തൊഴിലില്ലാത്തവരുടെ ദേശീയ ശരാശരി 23.5 ശതമാനമാണ്. ഇതിലും കുറവാണ് കേരളത്തിലേത് എന്നതാണ് ആശ്വാസകരമായത്- 17 ശതമാനം.

Update: 2020-05-01 09:45 GMT

തിരുവനന്തപുരം: സാര്‍വദേശീയ തൊഴില്‍ ദിനത്തില്‍ കേരളത്തിലെ തൊഴിലാളികളെ ഞെട്ടിച്ച് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി(സിഎംഐഇ)യുടെ റിപ്പോര്‍ട്ട്. കൊറാണ തീര്‍ത്ത പ്രതിസന്ധിയ്ക്കിടെ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 40 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയതായാണ് സിഎംഐഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തൊഴിലില്ലാത്തവരുടെ ദേശീയ ശരാശരി 23.5 ശതമാനമാണ്. ഇതിലും കുറവാണ് കേരളത്തിലേത് എന്നതാണ് ആശ്വാസകരമായത്- 17 ശതമാനം.

തമിഴ്നാട്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ തൊഴില്ലായ്മ നിരക്ക് ദേശീയ ശരാശാരിയേക്കാള്‍ ഉയര്‍ന്നതാണ്. യഥാക്രമം 49.8 ശതമാനം, 47.1ശതമാനം, 46.6 ശതമാനം എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ നിരക്ക്. പഞ്ചാബ്(2.9%), ചത്തീസ്ഗഡ്(3.4%), തെലങ്കാന(6.2%) എന്നീ സംസ്ഥാനങ്ങളിലാണ് താരതമ്യേന കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്.

അതേസമയം, ലോക്ക്ഡൗണില്‍ രാജ്യത്ത് 7.2 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. പുതിയ സാഹചര്യത്തില്‍ തൊഴില്‍ മേഖല പൂര്‍വ്വ സ്ഥിതിയിലെത്താന്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് സെന്റര്‍ ഫോര്‍ മോനിട്ടറിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്. മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ 42.6 ശതമാനമായിരുന്നു രാജ്യത്തെ തൊഴില്‍ പങ്കാളിത്തം. ഇപ്പോഴത് 35.4 ശതമാനമായിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. 720 ലക്ഷം ആളുകള്‍ക്ക് ഇതിനോടകം തൊഴില്‍ നഷ്ടമായിക്കഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ തൊഴിലില്ലായ്മ 21നും 26 ശതമാനത്തിലും ഇടയിലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ടര കോടി ആളുകള്‍ തൊഴിലിനായി അലയുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News