സര്‍വകലാശാലാ ഹോസ്റ്റലുകളില്‍നിന്ന് അനധികൃത താമസക്കാരെ പുറത്താക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
തിരുവനന്തപുരത്തെ യൂനിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പഠനം പൂര്‍ത്തിയാക്കിട്ട് 15 വര്‍ഷം കഴിഞ്ഞവര്‍പോലും താമസിക്കുന്നു. കാംപസില്‍ മറ്റു വിദ്യാര്‍ഥി സംഘടനയില്‍പെട്ടവരെ ആക്രമിക്കുന്നതിനും പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനുമെല്ലാം നേതൃത്വം നല്‍കുന്നത് ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവരാണ്.
തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാല ഹോസ്റ്റലുകളില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നവരെ അവിടെ നിന്ന് ഉടന്‍ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇവര്‍ അവിടെ അനധികൃതമായി തങ്ങാനിടയായ സാഹചര്യത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കാംപസുകള്‍ക്കുള്ളില്‍ നടക്കുന്ന അക്രമങ്ങളുടെയും അനിഷ്ടസംഭവങ്ങളുടെയും മറ്റു ക്രമസമാധാനപ്രശ്‌നങ്ങളുടെയും പിന്നില്‍ ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവരാണെന്ന് മാധ്യമങ്ങള്‍ അടക്കം റിപോര്‍ട്ട് ചെയ്ത കാര്യം പ്രതിപക്ഷ നേതാവ് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ യൂനിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പഠനം പൂര്‍ത്തിയാക്കിട്ട് 15 വര്‍ഷം കഴിഞ്ഞവര്‍പോലും താമസിക്കുന്നു. കാംപസില്‍ മറ്റു വിദ്യാര്‍ഥി സംഘടനയില്‍പെട്ടവരെ ആക്രമിക്കുന്നതിനും പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനുമെല്ലാം നേതൃത്വം നല്‍കുന്നത് ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവരാണ്. ഗുണ്ടാപ്പിരിവടക്കം എല്ലാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇവരുടെ ഭാഗത്തുനിന്നുണ്ടാവുന്നു. കോളജ് ഹോസ്റ്റലുകളിലെ ആയുധസംഭരണത്തിന് പിന്നിലും ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവരുടെ പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ഇവരില്‍ പലരും പഠനം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞവരാണ്.
നമ്മുടെ സര്‍വകലാശാല നിയമങ്ങള്‍പ്രകാരം പഠനം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ഥിക്കും ഒരുനിമിഷം പോലും കോളജ് ഹോസ്റ്റലില്‍ തുടരാന്‍ കഴിയില്ല. എന്നാല്‍, എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ട് ഈ അനധികൃത താമസക്കാര്‍ നമ്മുടെ സര്‍വകലാശാല ഹോസ്റ്റലുകള്‍ അടക്കിഭരിക്കുകയാണ്. ഇതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. കലാലയങ്ങളിലെ അതിക്രമങ്ങള്‍ തടയാനുള്ള ശുപാര്‍ശകള്‍ യുഡിഎഫ് ഭരണകാലത്ത് നിയോഗിച്ച ജസ്റ്റിസ് ഷംസുദ്ദീന്‍ കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നു. അതുടന്‍ നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

