പ്രതിപക്ഷ നേതാവ്: തീരുമാനം രണ്ടു ദിവസത്തിനകം
വിഡി സതീശൻ വരണമെന്ന താത്‌പര്യക്കാരാണ് ഇരു ഗ്രൂപ്പിലെയും യുവ എംഎൽഎമാരിൽ ഭൂരിഭാഗവുമെന്നാണ് സൂചന.
ന്യൂഡൽഹി: കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്ന് സൂചന. എംഎൽഎമാരിൽ നിന്നും എംപിമാരിൽ നിന്നും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിൽ നിന്നും അഭിപ്രായമാരാഞ്ഞ ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വൈദ്യലിംഗവും ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയ ഉടൻതന്നെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വിവരങ്ങൾ ധരിപ്പിച്ചു.
21 കോൺഗ്രസ് എംഎൽഎമാരിൽ എ., ഐ. ഗ്രൂപ്പുഭേദമില്ലാതെ നല്ലൊരുഭാഗം രമേശ് ചെന്നിത്തല തുടരണമെന്നാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഡി സതീശൻ വരണമെന്ന താത്‌പര്യക്കാരാണ് ഇരു ഗ്രൂപ്പിലെയും യുവ എംഎൽഎമാരിൽ ഭൂരിഭാഗവുമെന്നാണ് സൂചന.
സംഘടനയിൽ സമൂല മാറ്റം വേണമെന്ന കാര്യത്തിൽ പാർട്ടിയിലെ ഉന്നത നേതൃത്വത്തിന് അഭിപ്രായഭിന്നതയില്ല. മഹാരാഷ്ട്ര മന്ത്രി അശോക് ചവാൻ അധ്യക്ഷനായ സമിതി കേരളത്തിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ കെപിസിസി അധ്യക്ഷന്റെ മാറ്റമടക്കമുള്ള കാര്യത്തിൽ തീരുമാനമെടുക്കൂ.
ഇക്കാര്യത്തിൽ ധൃതി പിടിച്ച സമീപനം ഉണ്ടാവില്ല. കേരളത്തിൽ 90 ശതമാനം സ്ഥലങ്ങളിലും ബൂത്തുകമ്മിറ്റി രൂപവത്കരിച്ചതായാണ് കേരള നേതൃത്വത്തിന്റെ നിലപാടെങ്കിലും പകുതിയിലും കടലാസ് ബൂത്തുകളാണെന്നാണ് ഹൈക്കമാൻഡിന് ലഭിച്ച വിവരങ്ങൾ. തിരഞ്ഞെടുപ്പ് സമയത്ത് മിക്ക ബൂത്തുകളിലും ഇരിക്കാൻ പാർട്ടി പ്രതിനിധികൾ ഉണ്ടായില്ലെന്ന കാര്യമടക്കം സമിതി പരിശോധിക്കും.
