സ്വര്‍ണക്കടത്ത് കേസ്: സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്

സ്പീക്കര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം കൊണ്ടുവരിക. തുടര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി

Update: 2020-07-14 08:30 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന് എതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനും യുഡിഎഫ് തീരുമാനിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിയായ സ്വപ്ന സുരേഷുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് അടുത്ത ബന്ധമുണ്ടെന്ന് ഇതിനോടകം തെളിഞ്ഞതായി യുഡിഎഫ് ആരോപിച്ചു. സ്പീക്കര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം കൊണ്ടുവരിക. തുടര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.

പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് സംബന്ധിച്ച് എന്‍ഐഎ അന്വേഷത്തിലൂടെ വ്യക്തത വരുന്നുണ്ടെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. കേസിലെ സര്‍ക്കാര്‍ സമീപനം സംശയം ജനിപ്പിക്കുന്നതാണ്. സ്വപ്നക്ക് സംസ്ഥാനം വിടാനുള്ള അവസരം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ബെന്നി ബെഹന്നാന്‍ ആരോപിച്ചു.

ശിവശങ്കറിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നടപടി അത്ഭുതപ്പെടുത്തുന്നു. ഈ വിഷയത്തില്‍ പ്രതിഷേധം തുടരും. ഈ മാസം 24ന് നാല് റീജിയണിലായി യുഡിഎഫ് ജനപ്രതിനിധികള്‍ ധര്‍ണ സംഘടിപ്പിക്കും. ആഗസ്ത് രണ്ടിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്ലാ വാര്‍ഡിലും വെര്‍ച്വല്‍ റാലി സംഘടിപ്പിക്കും. യുഡിഎഫ് സമരങ്ങളെ കൊവിഡിന്റെ മറവില്‍ കുറ്റപ്പെടുത്തുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ പാളിയതോടെ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു. പരിശോധനയുടെ എണ്ണം കുറഞ്ഞെന്നും ഇത് യുഡിഎഫിന്റെ തലയില്‍ വച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രിയുടെ രാജി വരെ സമരം തുടരുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.

Tags: