പാലാ ഉപതിരഞ്ഞെടുപ്പ്: ഏകോപനത്തിന് യുഡിഎഫ് ഉപസമിതി; സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഉഭയകക്ഷി ചര്‍ച്ച

അധികാര തര്‍ക്കത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് യുഡിഎഫ് കടന്നില്ല. സ്ഥാനാര്‍ഥി ആര്, സീറ്റ് ആര്‍ക്ക് ഇങ്ങനെയുള്ള ചര്‍ച്ചകളിലേക്ക് കടന്നില്ല.

Update: 2019-08-26 08:04 GMT

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാലാ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഏകോപനത്തിന് ഉപസമിതിക്ക് യുഡിഎഫ് രൂപം നല്‍കി. പാലാ സീറ്റിനെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായ ഭിന്നത ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനും ഇന്നുചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. അധികാര തര്‍ക്കത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് യുഡിഎഫ് കടന്നില്ല.

                        തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥാനാര്‍ഥി ആര്, സീറ്റ് ആര്‍ക്ക് ഇങ്ങനെയുള്ള ചര്‍ച്ചകളിലേക്ക് കടന്നില്ല. ഇത്തരം ചര്‍ച്ചയിലേക്ക് കടന്നാല്‍ കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം യുഡിഎഫ് യോഗത്തിലും ഉണ്ടാവാന്‍ ഇടയാക്കുമെന്ന് നേതൃത്വം കരുതി. അതിനാല്‍ സ്ഥാനാര്‍ഥി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ നടത്താമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആദ്യംതന്നെ അറിയിച്ചു.

പാലായിലെ വിജയത്തിന് കോട്ടം തട്ടാത്ത രീതിയില്‍ മുന്നോട്ട് പോകണമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ച യുഡിഎഫ് യോഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതിക്ക് രൂപം നല്‍കി. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത ആരാഞ്ഞ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി. മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എന്നീ കക്ഷികളുമായി ആദ്യ ഉഭയകഷി ചര്‍ച്ച പൂര്‍ത്തിയാക്കി.

കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങളുമായുള്ള ചര്‍ച്ചയിലാവും സ്ഥാനാര്‍ഥി സംബന്ധിച്ച നിര്‍ണായകമായ വിഷയത്തിലേക്ക് വരിക. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

Tags: