യുഡിഎഫിലെ ആദ്യഘട്ട സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നാരംഭിക്കും

കന്റോണ്‍മെന്റ് ഹൗസില്‍ വൈകീട്ട് ആറരയ്ക്കാണ് യോഗം. ഘടകകക്ഷികള്‍ അധിക സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തരയോഗം ചേരുന്നത്. മുസ്്‌ലീംലീഗ്, കേരളാ കോണ്‍ഗ്രസ്(എം) എന്നിവരുമായുള്ള ചര്‍ച്ചയാവും പ്രധാനമായും നടക്കുക.

Update: 2019-02-01 05:43 GMT

തിരുവനന്തപുരം: ലോക്‌സഭാ സീറ്റിനെ ചൊല്ലി അതൃപ്തി പുകയുന്നതിനിടെ യുഡിഎഫിലെ ആദ്യഘട്ട സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വൈകീട്ട് ആറരയ്ക്കാണ് യോഗം. ഘടകകക്ഷികള്‍ അധിക സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തരയോഗം ചേരുന്നത്. അധിക സീറ്റ് ആവശ്യപ്പെട്ടിരിക്കുന്ന മുസ്്‌ലീംലീഗ്, കേരളാ കോണ്‍ഗ്രസ്(എം) എന്നിവരുമായുള്ള ചര്‍ച്ചയാവും പ്രധാനമായും നടക്കുക.

തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളിലേക്കാവും കാര്യങ്ങള്‍ നീങ്ങുക. കേരളാ കോണ്‍ഗ്രസില്‍ ഇടഞ്ഞു നില്‍ക്കുന്ന പി ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമുണ്ടാവും. അധികമായി ഒരു സീറ്റ് വേണമെന്നാണ് പി ജെ ജോസഫ് വിഭാഗത്തിന്റെ നിലപാട്. മുമ്പ് ലഭിച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയതിനാല്‍ തങ്ങള്‍ക്ക് ലോക്‌സഭാ സീറ്റിയെ കീട്ടിയേതീരുവെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. അതല്ലെങ്കില്‍ നിലവില്‍ കൈവശമുള്ള സീറ്റ് ജോസഫിന് നല്‍കേണ്ടിവരും. ഇതിനു മാണിവിഭാഗം തയ്യാറാവില്ലെന്നതിനാല്‍ കേരളാ കോണ്‍ഗ്രസിലും യുഡിഎഫിലും പ്രതിസന്ധി രൂക്ഷമാവുമെന്നതില്‍ സംശയമില്ല.

അധിക സീറ്റ് നല്‍കാതെ ഇരുവിഭാഗത്തേയും അടുപ്പിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാവും യോഗത്തില്‍ ഉണ്ടാവുക. കൈവശമുള്ള രണ്ട് സീറ്റിനു പുറമെ ഒരു സീറ്റുകൂടി വേണമെന്ന നിലപാട് ലീഗ് മയപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. കൊല്ലം സീറ്റ് ഉറപ്പിച്ച ആര്‍എസ്പി എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ വീണ്ടും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News