രക്താഭിഷേകം നടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനാഘോഷത്തിന് തുടക്കം കുറിച്ചതെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍

പാക്കിസ്ഥാന് ഇന്ത്യയോടുള്ള നിലപാടുപോലെയാണ് കൊലപാതകത്തിനു ശേഷം സിപിഎം സ്വീകരിക്കുന്ന നിലപാടും.നവ കേരളവും നവോഥാനവുമല്ല, നരഹത്യയാണ് സര്‍ക്കാര്‍ നിലപാട്. കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്ന മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ സംസ്‌കാരമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കാന്‍ കാരണം.ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള യു ഡി എഫ് സീറ്റു വിഭജന ചര്‍ച്ച 26 ന് കൊച്ചിയില്‍ നടക്കും.താന്‍ മല്‍സരിക്കണമോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും.

Update: 2019-02-21 10:46 GMT

കൊച്ചി: രക്താഭിഷേകം നടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനാഘോഷത്തിന് തുടക്കം കുറിച്ചതെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മാസത്തിനുള്ളില്‍ ഓരോ കൊലപാതകങ്ങള്‍ വീതം എന്ന കണക്കിലാണ് കേരളത്തില്‍ നടന്നത്.തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കി ഇന്ത്യയിലേക്ക് അയച്ച് കൂട്ടക്കൊല നടത്തിയ ശേഷം അതില്‍ പങ്കില്ല എന്ന് പറയുന്ന പാകിസ്ഥാന്‍ നിലപാട് പോലെയാണ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി പി എമ്മിന് പങ്കില്ലെന്ന് പറയുന്നത്. ഇന്ധ്യയോടുള്ള പാക് നിലപാടിന് സമമാണ് സി പി എമ്മിന്റെ നിലപാടെന്നും യു ഡി എഫ് കണ്‍വീനര്‍ ആരോപിച്ചു. നവ കേരളവും നവോഥാനവുമല്ല, നരഹത്യയാണ് സര്‍ക്കാര്‍ നിലപാട്. കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്ന മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ സംസ്‌കാരമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ച മുഴുവന്‍ പേരെയും പിടികൂടണം. തെളിവ് നശിപ്പിക്കുന്ന പതിവ് സി പി എം തന്ത്രം തന്നെയാണ് ഇവിടെയും നടക്കുന്നത്. പോലീസ് കണ്ടെത്തിയ ആയുധങ്ങളല്ല കൃത്യത്തിന് ഉപയോഗിച്ചത്. ഗൂഡാലോചനയെ കുറിച്ച് കൃത്യമായി അന്വേഷിച്ചത് കണ്ണൂര്‍ ജില്ലയിലാകും അന്വേഷണം എത്തുക. റവന്യൂ മന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന ഇടതു മുന്നണി കണ്‍ വീനറുടെ പരാമര്‍ശം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മനസികാവസ്ഥ എന്താണെന്നായിരുന്നു ബെന്നി ബെഹനാന്റെ മറുപടി. കൊലപാതകങ്ങളെ പ്രോല്‍ാഹിപ്പിക്കുന്ന ഇത്തരം നടപടികളാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ബലമേകുന്നതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

യു ഡി എഫ് സീറ്റു വിഭജന ചര്‍ച്ച 26 ന് കൊച്ചിയില്‍ നടക്കുമെന്ന് ചോദ്യത്തിന് മറുപടിയായി ബെന്നി ബെഹനാന്‍ പറഞ്ഞു. ശുഭാപ്തി വിശ്വാസം തന്നെയാണ് ഫോര്‍മുലയെന്നും എല്ലാം ശുഭകരമായി തീരുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് കണ്‍വീനര്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് അത് ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി തീരുമാനം എന്തായാലും അത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്‍ ഒരിക്കലും സീറ്റിനു വേണ്ടി നടന്നിട്ടില്ല. പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News