കുട്ടികളുടെ കയ്യിലുണ്ടായിരുന്ന 13,500 രൂപ തട്ടിപ്പറിച്ചു, മദ്യം കുടിക്കാന്‍ നിര്‍ബന്ധിച്ചു, മാനന്തവാടിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു യുവാക്കളെ മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തു. കൊണിയന്‍മുക്ക് സ്വദേശി അജിത്ത് കുമാര്‍ 22 - ഡിങ്കന്‍, കണിയാരം സ്വദേശി വിഷ്ണു (22) എന്നിവരെയാണ് പോലിസ് പിടികൂടിയത്.
ഫെബ്രുവരി രണ്ടിന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എരുമതെരുവിലെ തേയിലത്തോട്ടത്തില്‍ വെച്ച് നാലംഗ സംഘം കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. ബിയര്‍ കുപ്പി കൊണ്ടും വടി കൊണ്ടും കൈകള്‍ കൊണ്ടും കുട്ടികളെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടികളുടെ പക്കലുണ്ടായിരുന്ന 13,500 രൂപ സംഘം ബലമായി പിടിച്ചുവാങ്ങി. കൂടുതല്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് വധഭീഷണിയും മുഴക്കി.
മര്‍ദ്ദനത്തിന് പിന്നാലെ കുട്ടികളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികളുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പിടിയിലായ അജിത്തിനെയും വിഷ്ണുവിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
