ഐഎഫ്എഫ്കെ: മൽസര വിഭാഗത്തില്‍ മലയാളത്തിന്റെ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും

കാന്‍ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച അവർ മദേഴ്‌സ് എന്ന സ്‌പാനിഷ്‌ ചിത്രവും മത്സര വിഭാഗത്തിലുണ്ട്.

Update: 2019-11-27 14:46 GMT

തിരുവനന്തപുരം: മലയാള സിനിമകളായ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും ഉള്‍പ്പെടെ രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ പതിനാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ടൊറന്റോ ചലച്ചിത്രമേളയിലും ബുസാന്‍ ചലച്ചിത്ര മേളയിലും പ്രേക്ഷക പ്രീതി നേടിയ ജെല്ലിക്കെട്ടിന്റെ സംവിധായകൻ. ആർ കെ കൃഷാന്താണ് വൃത്താകൃതിയിലുള്ള ചതുരം ഒരുക്കിയിരിക്കുന്നത്. പത്ത് വ്യത്യസ്ത ഭാഷകളിലായുള്ള മത്സര ചിത്രങ്ങളിൽ രണ്ട് ഹിന്ദി ചിത്രങ്ങളും ഉൾപ്പെടും.

ഫഹീം ഇർഷാദ് സംവിധാനം ചെയ്ത 'ആനി മാനി', റഹാത്ത് കാസ്മി സംവിധാനം ചെയ്ത 'ദി ക്വിൽറ്റ് എന്നിവയാണ് ഈ വിഭാഗത്തിലെ ഹിന്ദി ചിത്രങ്ങൾ. ഇസ്രായേല്‍ അധിനിവേശം പ്രമേയമാക്കി അഹമ്മദ് ഗോസൈൻ ഒരുക്കിയ 'ഓൾ ദിസ് വിക്ടറി', ബോറിസ് ലോജ്‌കൈന്റെ ആഫ്രിക്കൻ ചിത്രം കാമില, ബ്രെറ്റ് മൈക്കിൾ ഇന്നെസ് സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കൻ ചിത്രം ഫിലാസ് ചൈൽഡ് , മൈക്കിൾ ഇദൊവിന്റെ റഷ്യൻ ചിത്രമായ ദി ഹ്യൂമറിസ്റ്റ്, യാങ് പിങ്ഡോയുടെ ചൈനീസ് ചിത്രം മൈ ഡിയർ ഫ്രണ്ട് എന്നിവയും ഈ വിഭാഗത്തിൽ മാറ്റുരയ്ക്കും.

കാന്‍ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച അവർ മദേഴ്‌സ് എന്ന സ്‌പാനിഷ്‌ ചിത്രവും മത്സര വിഭാഗത്തിലുണ്ട്. സീസർ ഡയസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

ഒരു ബാലെ നർത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയൻ ചിത്രം പാക്കരറ്റ്, ജോ ഒഡാഗിരി സംവിധാനം ജപ്പാനീസ് ചിത്രം ദേ സേ നത്തിംഗ് സ്റ്റേയ്‌സ് ദി സെയിം, ഹിലാൽ ബെയ്ദറോവ് സംവിധാനം ഓസ്ട്രിയൻ ചിത്രം വെൻ ദി പെർസിമ്മൺസ് ഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക് ചിത്രമായ ദി പ്രൊജക്ഷനിസ്റ്റ് എന്നീ ചിത്രങ്ങളും മത്സര ചിത്രങ്ങളായുണ്ട്.

Tags:    

Similar News