കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

Update: 2021-10-12 02:26 GMT

മലപ്പുറം: കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. മലപ്പുറം കരിപ്പൂരിലാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം കുട്ടികള്‍ മരിച്ചത്. റിസ്‌വാന (8 വയസ്), റിന്‍സാന (7 മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകര്‍ന്നത്. ഇയാളുടെ പേരക്കുട്ടികളാണ് മരിച്ചത്.

വീടിന്റെ പിന്‍ഭാഗത്തേക്ക് മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് വീട് തകരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ നാട്ടുകാര്‍ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണുള്ളത്. ഇന്നലെ വൈകീട്ട് വരെ മലപ്പുറം ജില്ലയില്‍ കനത്ത മഴയായിരുന്നു. രാത്രിയോടെ വീണ്ടും മഴ ശക്തമായി. ജില്ലയില്‍ ഇപ്പോഴും മഴ തുടരുകയാണ്.

Tags: