15 കിലോ ചന്ദനത്തടികളുമായി രണ്ടുപേര്‍ പിടിയില്‍

Update: 2021-02-16 17:39 GMT

മലപ്പുറം: 15 കിലോയോളം വരുന്ന ചന്ദനത്തടിക്കഷണങ്ങളുമായി രണ്ടുപേര്‍ പിടിയിലായി. മഞ്ചേരി പുല്ലാര സ്വദേശികളാണ് എടവണ്ണയില്‍ വനംവകുപ്പിന്റെ പിടിയിലായത്. പുല്ലാര സ്വദേശികളായ പടുപ്പിങ്ങല്‍ വീട്ടില്‍ അബ്ദു റഹ്മാന്‍ (48), പാണക്കാടന്‍ സുലൈമാന്‍(44) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

എടവണ്ണയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍നിന്ന് തടിവെട്ടുന്നതിനിടെയാണ് പ്രതികളെ കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി വിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. വേരും തടിയും അടക്കം 15 കിലോയോളം തൂക്കം വരും. അനധികൃതമായി മരം മുറിച്ചുകടത്തിയ കുറ്റമാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇരുവരെയും മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

Tags: