പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ചച്ചെന്ന പരാതി; രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-11-13 14:32 GMT

കോട്ടയം : സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. അസി. സര്‍ജ്ജന്‍ ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തില്‍ പുല്‍പ്പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍ പാലത്തുപറമ്പ് മംഗലത്ത് പി.ആര്‍ രാജീവ് (31) എന്നിവരെ വ്യാഴാഴ്ച രാവിലെയാണ് വാടാനക്കവലയില്‍ നിന്ന് പിടികൂടിയത്. സംഭവശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ബിഎന്‍എസ് നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിയിലായ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണ്.

അമല്‍ ചാക്കോ പുല്‍പള്ളി സ്റ്റേഷനില്‍ അതിക്രമിച്ച് കടന്ന് അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, പൊതുഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ അഞ്ച് കേസുകളിലും രാജീവ് പുല്‍പള്ളി മീനങ്ങാടി സ്റ്റേഷനുകളില്‍ എന്‍.ഡി.പി.എസ്, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങി അഞ്ച് കേസുകളിലും പ്രതികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ പത്താം തിയ്യതിയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ഡ്യൂട്ടിക്കിടെ പ്രതികള്‍ സഹപ്രവര്‍ത്തകയായ ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചത് ഡോ. ജിതിന്‍രാജ് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു അക്രമം. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരികയായിരുന്ന ഡോക്ടറെ ഇവര്‍ അസഭ്യം പറയുകയും കഴുത്തിനു കുത്തിപിടിച്ചും നെഞ്ചില്‍ കൈകൊണ്ട് ഇടിച്ചും കാല്‍ കൊണ്ട് ചവിട്ടിയും കൈ വിരല്‍ പിടിച്ച് തിരിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ഡോക്ടറുടെ ഇടതു കൈയുടെ ചെറുവിരലിന് പൊട്ടലുണ്ടായി. പുല്‍പ്പള്ളി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ കെ.വി മഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.