കോഴിക്കോട് ജില്ലയിലെ 12 തദ്ദേശപ്രദേശങ്ങള്‍ അതീവ ഗുരുതരമേഖലയായി പ്രഖ്യാപിച്ചു

Update: 2021-05-15 14:52 GMT

കോഴിക്കോട്: കൊവിഡ് രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതരമേഖലകളായി ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 35 ശതമാനം കടന്ന ഒളവണ്ണ, തൂണേരി, കോട്ടൂര്‍, ചേളന്നൂര്‍, വാണിമേല്‍, അഴിയൂര്‍, കാരശ്ശേരി, ഉണ്ണികുളം, കക്കോടി, വളയം, ഗ്രാമപ്പഞ്ചായത്തുകളെയും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളെയുമാണ് അതീവ ഗുരുതര തദ്ദേശസ്വയംഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍ മരുന്ന്, ഭക്ഷണം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഒഴികെ ബാക്കിയുള്ളവക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ പ്രവര്‍ത്തിക്കാം. ഇവിടങ്ങളില്‍ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്ക് തുറന്നുപ്രവര്‍ത്തിക്കാം. അത്യാവശ്യകാര്യങ്ങള്‍ക്കോ ചികില്‍സയുടെ ആവശ്യത്തിനോ അല്ലാതെ ഇത്തരം പ്രദേശങ്ങളില്‍നിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളില്‍നിന്ന് ഇവിടേയ്‌ക്കോ പ്രവേശിക്കാന്‍ അനുവാദമില്ല. അത്യാവശ്യ സാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അവ വീടുകളില്‍ എത്തിച്ചുനല്‍കുന്നുണ്ടെന്ന് ആര്‍ആര്‍ടി വളന്റിയര്‍മാര്‍ ഉറപ്പുവരുത്തണം.

മതിയായ കാരണങ്ങളില്ലാതെ ആരും വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. ഇത്തരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അതിരുകള്‍ പോലിസ് സീല്‍ ചെയ്യും. പോലിസ്, സെക്ടര്‍ മജിസ്‌ട്രേറ്റ്, താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്്‌ന കലക്ടര്‍ അറിയിച്ചു.

Tags: