ആദിവാസി ബാലികയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകന്റെ അറസ്റ്റ് വൈകുന്നു

ലോക്ക്ഡൗൺ സാഹചര്യമായിട്ടും പ്രതി ഒളിവിലെന്ന പോലിസ് ഭാഷ്യത്തിനെതിരേ പ്രതിഷേധവും ശക്തമാവുകയാണ്.

Update: 2021-05-25 08:15 GMT

കണ്ണൂർ: ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ അറസ്റ്റ് വൈകുന്നു. ലോക്ക്ഡൗൺ സാഹചര്യമായിട്ടും പ്രതി ഒളിവിലെന്ന പോലിസ് ഭാഷ്യത്തിനെതിരേ പ്രതിഷേധവും ശക്തമാവുകയാണ്. കാക്കയങ്ങാട് വിളക്കോട് വടക്കിനിയില്ലം കോളനിയിലെ ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷിനെതിരെയാണ് പോലിസ് കേസെടുത്തത്.

സംഭവദിവസം പെണ്‍കുട്ടിയെ വിളക്കോട് ഗവ: യുപി സ്‌കൂളിനടുത്തേക്ക് എത്തിച്ച് ലൈംഗികമായി പീഢിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഢിപ്പിച്ചെന്ന കേസില്‍ പോക്‌സോ പ്രകാരവും എസ്സി -എസ്ടി പീഢന നിരോധന വകുപ്പു പ്രകാരവും കേസെടുത്തത്.

സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലിസ് പറയുന്നത്. പേരാവൂര്‍ ഡിവൈഎസ്പി ടിപി ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവം നടന്നയുടന്‍ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പിടികൂടാന്‍ പോലിസ് തയ്യാറായിട്ടില്ല. ലോക്ക്ഡൗണ്‍ സമയത്ത് ജില്ലകടന്ന് പ്രതിക്ക് രക്ഷപ്പെടാനുളള വഴിയൊരുക്കിയെന്നും പോലിസിന്‍റെ അനാസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതതെന്നും ആക്ഷേപം ഉണ്ട്.

പ്രദേശത്തെ സജീവ ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകനായ നിധീഷ് വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. എന്നാൽ നിധീഷ് പാർട്ടി അം​ഗമല്ലെന്ന പ്രചാരണമാണ് സിപിഎം നടത്തുന്നത്. കഴിഞ്ഞ ദിവസം രണ്ടാം പിണറായി സർക്കാരിന്റെ വിജയദിനം പ്രദേശത്ത് സിപിഎം ആഘോഷിച്ച ചടങ്ങിൽ സജീവമായിരുന്നു നിധീഷ്. പാർട്ടിയുടെ അറിവോടെയാണ് നിധീഷ് ഒളിവിൽ പോയതെന്ന ആരോപണവും ഉയരുന്നുണ്ട്.