സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് മുതല്‍

ട്രോളിങ് നിരോധന സമയത്ത് കടല്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പെട്രോളിങ്ങിനുമായി എല്ലാ തീരദേശജില്ലകളിലുമായി 20 സ്വകാര്യബോട്ടുകള്‍ വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തനം ആരംഭിക്കും.

Update: 2020-05-21 09:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. മല്‍സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മല്‍സ്യത്തൊഴിലാളികളുടെ അവകാശങ്ങളും സേവനങ്ങളും കാലോചിതമായി സംരക്ഷിക്കുന്നതിനോടൊപ്പം കടല്‍ ആവാസവ്യവസ്ഥയില്‍ മല്‍സ്യബന്ധനംമൂലമുണ്ടാവുന്ന ആഘാതം ലഘൂകരിക്കുന്നതിനും വിവിധ മല്‍സ്യങ്ങളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുമാണ് ട്രോളിങ് നിരോധനം സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്.

ഓരോ ട്രോളിങ് നിരോധനത്തിനു ശേഷവുമുണ്ടാവുന്ന മല്‍സ്യ വര്‍ധനവ് ട്രോളിങ് നിരോധനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായി മന്ത്രി വ്യക്തമാക്കി. ട്രോളിങ് നിരോധന സമയത്ത് കടല്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പെട്രോളിങ്ങിനുമായി എല്ലാ തീരദേശജില്ലകളിലുമായി 20 സ്വകാര്യബോട്ടുകള്‍ വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തനം ആരംഭിക്കും. നേരത്തെ പരിശീലനം ലഭിച്ചിട്ടുള്ള 80 മല്‍സ്യത്തൊഴിലാളി യുവാക്കളെ കടല്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും. ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലുമുള്ള പെട്രോള്‍ ബങ്കുകള്‍ ട്രോള്‍ ബാന്‍ കാലയളവില്‍ പ്രവര്‍ത്തിക്കില്ല. മറൈന്‍ ആംബുലന്‍സിന്റെ സേവനം ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭ്യമാക്കും. 50 പേര്‍ക്ക് പോകാവുന്ന വള്ളങ്ങളില്‍ 30 പേര്‍ക്ക് പോവാന്‍ അനുമതി നല്‍കും.

അഞ്ചുപേര്‍ക്ക് പോകാവുന്ന ഒരു കാരിയര്‍ വള്ളംകൂടി ഇത്തരം വള്ളങ്ങളുടെ കൂടെ അനുവദിക്കും. ഇതരസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പത് അര്‍ധരാത്രിക്ക് മുമ്പ് ഹാര്‍ബറുകളില്‍നിന്ന് അവരുടെ സ്ഥലങ്ങളിലേക്ക് പോവണം. 1800 കിലോയോളം തൂക്കം വരുന്ന ഇപ്പോള്‍ ഉപയോഗിക്കുന്ന വലകള്‍ക്ക് പകരം ചെറിയ വലകള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. വള്ളങ്ങളില്‍ മല്‍സ്യത്തൊഴിലാളികളുടെ എണ്ണവും വലകളുടെ ഭാരവും കുറയുന്നതുകൊണ്ട് ശക്തിയേറിയ എന്‍ജിനുകള്‍ ഉപയോഗിക്കാതിരിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം. ലേലം നിര്‍ത്തിവച്ചുള്ള വിലനിര്‍ണയം ഹാര്‍ബറുകളില്‍ നടക്കുന്നതിനാല്‍ അവസാനം വരുന്ന മല്‍സ്യത്തിനും നിശ്ചിതവില ലഭിക്കും. വലിയ എന്‍ജിന്‍ ഉപയോഗിക്കുന്നതിലൂടെയുള്ള കൂടുതല്‍ മണ്ണെണ്ണ ഉപഭോഗം കുറയ്ക്കാനും മണ്ണെണ്ണ വഴിയുള്ള കടല്‍ മലിനീകരണം ഒഴിവാക്കാനും സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു.

Tags: