ജിപിഎസ്: ചരക്ക് വാഹനങ്ങളെ ഒഴിവാക്കാനുള്ള ഫയൽ ഗതാഗത കമ്മീഷ‌ണർ മടക്കി

യാത്രാ വാഹനങ്ങളിൽ മാത്രം ജിപിഎസ് ഘടിപ്പിച്ചാൽ മതിയെന്ന കേന്ദ്ര നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും ചരക്ക് വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കാൻ മന്ത്രി നിർദേശം നൽകിയത്.

Update: 2020-09-15 08:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജിപിഎസ് ഘടിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കാനുള്ള ഗതാഗത മന്ത്രിയുടെ നിർദേശമടങ്ങിയ ഫയൽ ഗതാഗത കമ്മീഷ‌ണർ മടക്കി. കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ഗതാഗത കമ്മീഷണർ ഫയൽ മടക്കിയത്. യാത്രാ വാഹനങ്ങളിൽ മാത്രം ജിപിഎസ് ഘടിപ്പിച്ചാൽ മതിയെന്ന കേന്ദ്ര നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും ചരക്ക് വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കാൻ മന്ത്രി നിർദേശം നൽകിയത്. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ 2016ൽ നിലവിൽ വന്ന ചട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും ജിപിഎസ് നിർബന്ധമാക്കിയത്. എന്നാൽ 2019 ഒക്ടോബറിൽ വന്ന ഭേദഗതി അനുസരിച്ച് യാത്രാ വാഹനങ്ങളിൽ മാത്രം ജിപിഎസ് ഘടിപ്പിച്ചാൽ മതിയെന്നായി.

ഓട്ടോറിക്ഷകൾ, ഇ -റിക്ഷകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയിലും ജിപിഎസ് ആവശ്യമില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി കേരള മോട്ടോർ വാഹന ചട്ടങ്ങളിലും ഭേദഗതി വരുത്താനാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. എന്നാൽ അമിത വേഗത്തിൽ പായുന്ന ടിപ്പർ ലോറികളിലടക്കം ജിപിഎസ് എടുത്ത് മാറ്റുന്നത് അപകടങ്ങൾ വർധിപ്പിക്കുമെന്നാണ് ആക്ഷേപം. 19 പേരുടെ മരണത്തിനിടയാക്കിയ അവിനാശി ബസ് അപകടത്തിൽ ലോറിയുടെ അമിതവേഗം തിരിച്ചറിയാനായതും ജിപിഎസ് സംവിധാനത്തിലൂടെയായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ചരക്ക് വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കുന്നതിനോട് എതിർപ്പുയരുന്നുണ്ട്.

Tags:    

Similar News